Home Featured ഗോവയിലേക്ക് മംഗളൂരുവില്‍നിന്ന് വന്ദേഭാരത്; യാത്രാസമയം നാലര മണിക്കൂര്‍, ഉദ്ഘാടനം 30ന്

ഗോവയിലേക്ക് മംഗളൂരുവില്‍നിന്ന് വന്ദേഭാരത്; യാത്രാസമയം നാലര മണിക്കൂര്‍, ഉദ്ഘാടനം 30ന്

കാത്തിരിപ്പിന് വിരാമമിട്ട് മംഗളൂരുവില്‍ നിന്ന് ഗോവയിലേക്കും തിരിച്ചുമുള്ള വന്ദേ ഭാരത് ട്രെയിൻ സര്‍വിസ് ഈ മാസം 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും.അന്ന് രാജ്യത്ത് വിവിധയിടങ്ങളിലായി ആറ് വന്ദേ ഭാരത് ട്രെയിൻ സര്‍വിസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമാണിത്. മംഗളൂരു സെൻട്രലിനും ഗോവയിലെ മഡ്ഗാവിനും ഇടയിലായിരിക്കും ട്രെയിൻ സര്‍വിസ് നടത്തുക. മംഗളൂരുവില്‍ നിന്നുള്ള ആദ്യ വന്ദേഭാരത് എക്‌സ്പ്രസാണിത്. സര്‍വിസ് സമയക്രമം പുറത്തുവന്നിട്ടില്ലെങ്കിലും മംഗളൂരു സെൻട്രലില്‍ നിന്ന് രാവിലെ 8.30ന് പുറപ്പെട്ട് ഉച്ച 1.05 ന് മഡ്ഗാവില്‍ എത്തിച്ചേരുന്ന രീതിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

മടക്കയാത്ര മഡ്ഗാവില്‍ നിന്ന് വൈകുന്നേരം 6.10ന് പുറപ്പെട്ട് രാത്രി 10.45ന് മംഗളൂരു സെൻട്രലില്‍ എത്തിയേക്കും. ഉഡുപ്പിയിലും കാര്‍വാറിലും സ്റ്റോപ് ഉണ്ടാവും. ചൊവ്വ ഒഴികെ ആഴ്ചയില്‍ ആറ് ദിവസമാവും സര്‍വിസ്. മംഗളൂരു സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് മഡ്ഗാവിലേക്ക് 320 കിലോമീറ്റര്‍ ദൂരമുണ്ട്. നാലര മണിക്കൂറാണ് വന്ദേ ഭാരത് ഈ ദൂരം താണ്ടാനെടുക്കുക. മംഗളൂരു സെൻട്രലില്‍ പുതുതായി നിര്‍മിച്ച രണ്ട് അധിക പ്ലാറ്റ്‌ഫോമുകളും ഇതേസമയം ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ദക്ഷിണ കന്നട എംപി നളിൻ കുമാര്‍ കട്ടീല്‍ സെപ്റ്റംബര്‍ 22ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചര്‍ച്ചയില്‍ മംഗളൂരു-മഡ്ഗാവ്, മംഗളൂരു-തിരുവനന്തപുരം, മംഗളൂരു-ബംഗളൂരു എന്നീ വന്ദേഭാരത് സര്‍വിസുകള്‍ക്കായി ആവശ്യം ഉന്നയിച്ചിരുന്നു.

സുബ്രഹ്മണ്യ റോഡ് സ്റ്റേഷനും സകലേഷ്പൂര്‍ സ്റ്റേഷനും ഇടയിലുള്ള വൈദ്യുതീകരണം പൂര്‍ത്തിയാകുന്ന മുറക്ക് ബംഗളൂരു സര്‍വിസ് അനുവദിക്കാൻ സാധ്യതയുണ്ട്. മംഗളൂരു-മഡ്ഗാവ് വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചടങ്ങിന് മംഗളൂരു സെൻട്രലിലെ ഒന്നാം നമ്ബര്‍ പ്ലാറ്റ്‌ഫോമില്‍ പാലക്കാട് ഡിവിഷൻ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായി ഡിവിഷണല്‍ റെയില്‍വേ മാനജര്‍ അരുണ്‍ കുമാര്‍ ചതുര്‍വേദി അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group