ബെംഗളൂരു: ഇന്ത്യക്ക് ആശ്വാസം. പശ്ചിമേഷ്യയിലെ സംഘർഷം മൂലം രാജ്യത്ത് എല്‍.പി.ജി ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകള്‍ക്കിടയില്‍ യു.എസില്‍ നിന്ന് ദ്രവീകൃത പെട്രോളിയം വാതകവുമായി (എല്‍.പി.ജി) അമേരിക്കയുടെ കപ്പല്‍ മംഗളൂരുവില്‍ എത്തി.ടെക്സസിലെ നെദർലാൻഡ് തുറമുഖത്ത് നിന്ന് എല്‍പിജി വഹിച്ചുകൊണ്ട് പൈക്സിസ് പയനിയർ എന്ന ചരക്ക് കപ്പല്‍ ഞായറാഴ്ച രാവിലെ മംഗലാപുരം തുറമുഖത്ത് എത്തി. ന്യൂ മാംഗ്ലൂർ തുറമുഖ അതോറിറ്റിയുടെ ഡെയ്‌ലി വെസല്‍ പൊസിഷൻ അനുസരിച്ച്, 47,236 മെട്രിക് ടണ്‍ ഭാരമുള്ള സിംഗപ്പൂർ പതാകയുള്ള ടാങ്കർ രാവിലെ 6 മണിയോടെ ബെർത്ത് നമ്പർ 13 ല്‍ നങ്കൂരമിട്ടു. ഫെബ്രുവരി 14നാണ് ടെക്സസിലെ നെദർലാൻഡ് തുറമുഖത്ത് നിന്ന് കപ്പല്‍ പുറപ്പെട്ടത്.തിങ്കളാഴ്ച പുലർച്ചെ തുറമുഖത്ത് ഏജിസ് ലോജിസ്റ്റിക്സ് ലിമിറ്റഡിലേക്ക് 16,714 ടണ്‍ എല്‍പിജി ഡിസ്ചാർജ് ചെയ്യും. പശ്ചിമേഷ്യയില്‍ മൂന്നാഴ്ച നീണ്ടുനിന്ന യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തിയിരുന്നു. തുടർന്ന് രാജ്യത്താകമാനം എല്‍പിജി ക്ഷാമം നേരിട്ടു.മാർച്ച് 18 ന്, ഏകദേശം 80,800 മെട്രിക് ടണ്‍ അസംസ്കൃത എണ്ണയുമായി വന്ന ജഗ് ലാഡ്കി ക്രൂഡ് ഓയില്‍ ടാങ്കർ മുന്ദ്ര തുറമുഖത്ത് നങ്കൂരമിട്ടു. ഇതിനുപുറമെ, വാദിനാർ തുറമുഖത്തേക്ക് ഏകദേശം 47,000 മെട്രിക് ടണ്‍ എല്‍പിജിയുമായി നന്ദ ദേവി എന്ന കപ്പലും 93000 മെട്രിക് ടണ്‍ എല്‍പിജിയുമായി ശിവാലിക് എന്ന കപ്പല്‍ മുന്ദ്രയിലും നങ്കൂരമിട്ടിരുന്നു.