Home കർണാടക ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതല്‍ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതല്‍ വില ഉയരും

ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതല്‍ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതല്‍ വില ഉയരും

by ടാർസ്യുസ്

കർണാടക: കർണാടകയിൽ പ്രത്യേകിച്ച്‌ ബെംഗളൂരുവില്‍, ഏപ്രില്‍ ഒന്ന് മുതല്‍ നിത്യജീവിതച്ചെലവുകള്‍ ഗണ്യമായി വർധിക്കും. വൈദ്യുതി നിരക്ക്, വെള്ളം, ടോള്‍ ഫീസ് എന്നിവയ്ക്കെല്ലാം ഒരേസമയം വില കൂടുന്നതാണ് കുടുംബങ്ങളെയും ബിസിനസ്സുകളെയും ഒരുപോലെ ബാധിക്കുക.വൈദ്യുതി ബില്ലായിരിക്കും മാസംതോറും കീശകാലിയാക്കുന്ന ഒരു കാര്യം. കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (KERC) 2026-27 സാമ്പത്തിക വർഷത്തേക്കുള്ള പുതിയ താരിഫ് പട്ടിക പുറത്തിറക്കിയിട്ടുണ്ട്. പരിഷ്കരിച്ച വൈദ്യുതി നിരക്കുകള്‍ ഉടനടി നിലവില്‍ വരും. വ്യാവസായിക, വാണിജ്യ ഉപഭോക്താക്കള്‍ക്ക് ഉയർന്ന താരിഫ് ബാധകമാകും. ഇത് ബിസിനസ്സുകളുടെ പ്രവർത്തനച്ചെലവ് ഉയർത്തുകയും ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയെ സ്വാധീനിക്കുകയും ചെയ്യും.ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (BWSSB) ജലനിരക്കില്‍ 3% വർദ്ധനവാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നടപടി സാധാരണക്കാരുടെ നടുവൊടിക്കും എന്ന കാര്യത്തില്‍ തരർക്കമില്ല.ദേശീയപാതകളിലെ ടോള്‍ നിരക്കുകള്‍ 3-5% വർദ്ധിപ്പിക്കാനും തീരുമാനമുണ്ട്.

കർണാടകയിലെ ഹൊസ്കോട്ടെ-കെജിഎഫ് ഭാഗത്തുള്ള ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ, ദബസ്പേട്ട്-ഹൊസ്കോട്ടെ സാറ്റലൈറ്റ് ടൗണ്‍ റിംഗ് റോഡ് (STRR), ബെംഗളൂരു-മൈസൂരു ആക്സസ് കണ്‍ട്രോള്‍ഡ് ഹൈവേ, കനകപുര റോഡ്, കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബല്ലാരി റോഡ് എന്നിവയുള്‍പ്പെടെയുള്ള പാതകളിലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവള റോഡിലെ (ബല്ലാരി റോഡ്) സദഹള്ളി ടോള്‍ ഗേറ്റില്‍ കാറുകള്‍ക്ക് ഒറ്റ യാത്രയ്ക്ക് 120 രൂപയില്‍ മാറ്റമില്ല. മടക്കയാത്രാ നിരക്ക് 180 രൂപയില്‍ നിന്ന് 185 രൂപയായി വർദ്ധിച്ചു. ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കും (LCV/LGV) മിനി ബസുകള്‍ക്കും ടോള്‍ 5 രൂപ വർദ്ധിച്ചു. ഒറ്റ യാത്രയ്ക്ക് 185 രൂപയില്‍ നിന്ന് 190 രൂപയും, മടക്കയാത്രയ്ക്ക് 275 രൂപയില്‍ നിന്ന് 280 രൂപയുമായി. പ്രതിമാസ പാസിന് 6,255 രൂപയാണ് ഇവയുടെ നിരക്ക്.ഈ ടോള്‍ വർദ്ധനവ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (BMTC) ബസ് യാത്രാ നിരക്കുകളില്‍ വലിയ സ്വാധീനം ചെലുത്തും. വിമാനത്താവളത്തിലേക്കും ദേവനഹള്ളി, ചിക്കബല്ലാപൂർ തുടങ്ങിയ സമീപ നഗരങ്ങളിലേക്കും സർവീസ് നടത്തുന്ന വായു വജ്ര യാത്രക്കാർക്ക് അധിക തുക നല്‍കേണ്ടി വന്നേക്കാം.എസ്.ടി.ആർ.ആർ. ഇടനാഴിയില്‍ കാറുകള്‍ക്കുള്ള ടോള്‍ 5 രൂപ വർദ്ധിപ്പിച്ചു.

നെല്ലൂരു-ദേവനഹള്ളി ടോള്‍ പ്ലാസയില്‍ ഒറ്റ യാത്രക്ക് 75 രൂപയും മടക്കയാത്രക്ക് 125 രൂപയും പ്രതിമാസ പാസിന് 2,805 രൂപയുമാണ് നിരക്ക്.ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയുടെ ഹൊസ്കോട്ടെക്കും കെ.ജി.എഫിനും (ബേത്തമംഗല) ഇടയിലുള്ള 72 കിലോമീറ്റർ ഭാഗത്തെ ടോള്‍ നിരക്കും പരിഷ്കരിച്ചു. ഹെഡഗിനബലെ, അഗ്രഹാര, കൃഷ്ണപുര, സുന്ദരപാളയ എന്നീ നാല് ടോള്‍ പ്ലാസകളിലായി കാറുകള്‍ക്ക് ഒറ്റ യാത്രയ്ക്ക് ഏകദേശം 150 രൂപയും മടക്കയാത്രയ്ക്ക് 225 രൂപ വരെയും അടയ്ക്കണം. ദിശ അനുസരിച്ച്‌, പ്രതിമാസ പാസുകള്‍ക്ക് 4,860-4,985 രൂപ വരെയാണ് നിരക്ക്.ബെംഗളൂരു-മൈസൂരു ആക്സസ് കണ്‍ട്രോള്‍ഡ് ഹൈവേയില്‍ കാറുകള്‍ക്കുള്ള ടോള്‍ 5 രൂപ വർദ്ധിപ്പിച്ചു. കണിമിനിക്കെ ടോള്‍ പ്ലാസയില്‍ ഒറ്റ യാത്രയ്ക്ക് 175 രൂപയില്‍ നിന്ന് 180 രൂപയായും, മടക്കയാത്രയ്ക്ക് 260 രൂപയില്‍ നിന്ന് 265 രൂപയായും നിരക്ക് ഉയർത്തി.ഗാനഗുരു ടോള്‍ പ്ലാസയില്‍ ഒറ്റ യാത്രയ്ക്ക് 170 രൂപയില്‍ നിന്ന് 175 രൂപയായും, മടക്കയാത്രയ്ക്ക് 255 രൂപയില്‍ നിന്ന് 260 രൂപയായും വർദ്ധനവുണ്ടായി. പുതിയ നിരക്കനുസരിച്ച്‌, ബെംഗളൂരുവിനും മൈസൂരുവിനും ഇടയിലുള്ള ഒറ്റവഴി യാത്രക്ക് 355 രൂപയാണ് ചെലവ്.പയർവർഗ്ഗങ്ങള്‍, ഭക്ഷ്യയെണ്ണ, വെണ്ണ, ഇരുമ്പ്, സിമന്റ് എന്നിവയുടെ വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. കൂടാതെ, എയർ കണ്ടീഷണറുകള്‍, കൂളറുകള്‍, വിമാന ടിക്കറ്റുകള്‍ എന്നിവയ്ക്ക് 15% വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group