ദുബായ്: കർണാടകയിലെ ക്ഷേത്രപരിസരങ്ങളിൽ മുസ്ലിം വ്യാപാരികൾ കച്ചവടം നടത്തുന്നതിനെതിരെ ഹിന്ദുത്വവാദികൾ നിലപാട് സ്വീകരിച്ചതിന് പിന്നാലെ വിമർശനവുമായി യു എ ഇ രാജകുടുംബാംഗം ഹിന്ദ് അൽ ഖാസിമി.പല അറബ് രാജ്യങ്ങളിലും മുസ്ലീംപള്ളികൾക്കടുത്ത് ഹിന്ദു വ്യാപാരികൾ കച്ചവടംചെയ്യുന്നുണ്ടെന്നും അതിന് തടസമൊന്നുമില്ലെന്നുംഹിന്ദ് അൽ ഖാസിമി ട്വീറ്റ് ചെയ്തു.
ഓരോ മുസ്ലീം രാജ്യങ്ങളിലും താമസിക്കുന്ന ഹിന്ദുക്കളുടെ കണക്ക് പങ്കുവെച്ചു കൊണ്ടായിരുന്നു ഹിന്ദ് അൽ ഖാസിമിയുടെ ട്വീറ്റ്. ഇന്തോനേഷ്യ-4,480,000, മലേഷ്യ-2,040,000,യുഎഇ-910,000, ഖത്തർ-360,000, ബഹ്റിൻ-240,000, കുവൈറ്റ്-630,000, ഒമാൻ-650,000, സൗദി-370,000 എന്നിങ്ങനെ ഹിന്ദുക്കൾ താമസിക്കുന്നുണ്ടെന്ന് ഹിന്ദ് അൽ ഖാസിമിയുടെ ട്വീറ്റിൽഅവകാശപ്പെടുന്നു. നേരത്തെ കർണാടകയിലെ ക്ഷേത്ര പരിസരത്ത് മുസ്ലീം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ്ഹിന്ദ് അൽ ഖാസിമിയുടെ ട്വീറ്റ്. രാജ്യത്തെ ന്യൂനപക്ഷ വിരുദ്ധ വിഷയങ്ങളിൽ നേരത്തേയും ഹിന്ദ് അൽ ഖാസിമി പ്രതികരിച്ചിരുന്നു.അതേസമയം ക്ഷേത്ര പരിസരങ്ങളിൽ മുസ്ലീം കച്ചവടക്കാരുടെ വ്യാപാരങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിനെതിരെ കർണാടകയിലെ ബി ജെ പി എം എൽ എമാരും രംഗത്തെത്തി.
മുസ്ലീം വ്യാപാരികളെ വിലക്കുന്നത് തെറ്റും ജനാധിപത്യവിരുദ്ധവും ഭ്രാന്തുമാണെന്ന് ബി ജെ പി എം എൽ എയായ അനിൽ ബെനകയും എം എൽ സിയായ എ എച്ച് വിശ്വനാഥും പറഞ്ഞത്. അതേസമയം 2002 ലെ കോൺഗ്രസ് സർക്കാരാണ് നിയന്ത്രണം ഏർപ്പെടുത്തിയത് എന്ന് പറഞ്ഞാണ് കർണാടക സർക്കാർ നടപടിയെ ന്യായീകരിക്കുന്നത്.