കൊച്ചി: കൊച്ചി വൈറ്റിലയിലുണ്ടായ വാഹനാപകടത്തില്‍ മുന്‍ മിസ് കേരളയും റണ്ണറപ്പും മരിച്ചു.2019 ലെ മിസ് കേരള അന്‍സി കബീറും (25) റണ്ണറപ്പ് അഞ്ജന ഷാജനും(26) ആണ് മരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് അന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജന ഷാജന്. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിക്, അബ്ദുള്‍ റഹ്മാന് എന്നിവരെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ ബൈക്കില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പെട്ടെന്നു വെട്ടിച്ചതാണ് അപകടമുണ്ടാക്കിയതെന്നാണ് കരുതുന്നത്. കാര്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്.
ഇരുവരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ അവസ്ഥ ഗുരുതരമാണ്. ബൈക്ക് യാത്രികനും പരിക്കേറ്റു. ഇദ്ദേഹത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ യാത്രികര്‍ കൊച്ചിയില്‍നിന്ന് ചാലക്കുടിയിലേക്കു മടങ്ങുകയായിരുന്നു