ബെംഗളുരു: ബെംഗളൂരു – ജയ്പൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി. വിമാനത്തിന്റെ ശൗചാലയത്തിന് പുറത്ത് ടിഷ്യൂ പേപ്പറില്‍ ഹിന്ദിയിലായിരുന്നു ബോംബ് ഭീഷണിക്കത്ത് കണ്ടെത്തിയത്. ഉടന്‍ സിഐഎസ്എഫ് ഉള്‍പ്പെടെയുള്ള സുരക്ഷ സൈനികര്‍ എത്തി പരിശോധന നടത്തി. കത്തെഴുതിയവര്‍ എന്ന് സംശയിക്കുന്ന രണ്ട് പേരെ സിഐഎസ്എഫ് കസ്റ്റഡിയില്‍ എടുത്ത് പരിശോധന നടത്തി വരികയാണ്.
ജയ്പൂരില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം 6ഇ-556 ഞായറാഴ്ച രാത്രി 9:26 നാണ് ദേവനഹള്ളി കെമ്ബഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇതിനിടെയാണ് നീല മഷിയില്‍ ‘ലാന്‍ഡ് ചെയ്യരുത്, വിമാനത്തില്‍ ബോംബുണ്ട്’ എന്ന് ഹിന്ദിയില്‍ എഴുതിയ സന്ദേശം ലഭിച്ചത്. ഒരു വിമാന ജീവനക്കാരന് ശൗചാലയത്തിന്റെ പുറകില്‍ ചെന്നപ്പോള്‍ ബോംബ് ഭീഷണി സന്ദേശമുള്ള ടിഷ്യൂ പേപ്പര്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍ തന്നെ അവര്‍ ക്യാപ്റ്റനെ വിവരം അറിയിച്ചു.ക്യാപ്റ്റന്‍ റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച് സിഐഎസ്എഫ് വിമാനത്തിലെത്തി. വിമാനത്തില്‍ ഉണ്ടായിരുന്ന 174 യാത്രക്കാരെ ഇറക്കി ബാഗുകള്‍ പരിശോധിച്ചു. ബോംബ് ഭീഷണി മുഴക്കിയവരെ തിരിച്ചറിയാന്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ കൈയക്ഷരം പരിശോധിച്ചു.
ഹിന്ദിയില്‍ എഴുതാന്‍ കഴിയാത്തവരെ പരീക്ഷയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഒടുവില്‍ 20 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ശേഷം രണ്ട് പ്രതികളെ കണ്ടെത്തി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ഭീഷണി വ്യാജമാണെന്നും സിഐഎസ്എഫ് അറിയിച്ചു.