വാഷിങ്ടണ്‍: അയല്‍ രാജ്യങ്ങളെ ആക്രമിക്കേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്ന ഇറാന്റെ പ്രസ്താവന കീഴടങ്ങലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ഗള്‍ഫ് രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്നും നേരത്തെ നടന്ന ആക്രമങ്ങളില്‍ മാപ്പ് ചോദിച്ചും ഇറാന് പ്രസിഡന്റ് മസൂദ് പെഷസ്കിയാന് രംഗത്തുവന്നിരുന്നു. ഗള്‍ഫിലെ സംഘര്‍ഷം കുറയുമെന്ന സൂചന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള പ്രസ്താവന ട്രംപിന്റെ ഭാഗത്തു നിന്നുണ്ടായത്.

ഇറാന് പൂര്‍ണമായും പരാജയപ്പെട്ടുവെന്നും മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ അയല്‍ രാജ്യങ്ങളോട് കീഴടങ്ങി അവര്‍ ക്ഷമ ചോദിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന് ഇനി മിഡില്‍ ഈസ്റ്റിന് ഒരു ഭീഷണിയല്ലെന്നും അവര്‍ തോറ്റുവെന്നും തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ട്രംപ് പറഞ്ഞത്. യുഎസിന്റെയും ഇസ്രായേലിന്റെയും നിരന്തരമായ ആക്രമണം മൂലമാണ് ഇറാന് ഈ വാഗ്ദാനം നല്‍കിയതെന്നും ട്രംപ് പ്രതികരിച്ചു. ഇറാന്റെ ക്ഷമാപണത്തിന് ശേഷം ഗള്‍ഫ് രാജ്യങ്ങള്‍ തന്നോട് നന്ദി പറഞ്ഞതായി ഡൊണാള്‍ഡ് ട്രംപ് സ്വയം അവകാശപ്പെട്ടു. ‘നന്ദി പ്രസിഡന്റ് ട്രംപ്’ എന്നാണ് അവര്‍ പറഞ്ഞത്.
‘യു ആര് വെല്‍കം എന്ന് ഞാനും പ്രതികരിച്ചു – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇറാന്റെ അയല്‍ രാജ്യങ്ങളെ പ്രസിഡന്റ് മസൂദ് പെഷസ്കിയാന് ‘സഹോദരന്മാര്’ എന്നാണ് വിശേഷിപ്പിച്ചത്. പെഷസ്കിയാന് ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം. അയല്‍ രാജ്യങ്ങളെ ആക്രമിക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ലെന്ന് പെഷസ്കിയാന് വ്യക്തമാക്കി.അമേരിക്കയും ഇസ്രായേലും തുടര്‍ച്ചയായി നടത്തിയ ആക്രമണങ്ങള്‍ കാരണമാണ് ഇറാന് ഇത്തരമൊരു വിട്ടുവീഴ്ചയ്ക്ക് തയാറായതെന്നാണ് ട്രംപ് പറയുന്നത്. അതേസമയം ഇറാന്റെ പഴയ പെരുമാറ്റം കണക്കിലെടുത്ത് അവര്‍ക്കെതിരെ ഇനിയും ശക്തമായ ആക്രമണങ്ങള്‍ തുടരുമെന്നും ഇറാനില്‍ ഇതുവരെ ലക്ഷ്യമിടാത്ത കേന്ദ്രങ്ങളെയും ഗ്രൂപ്പുകളെയും നശിപ്പിക്കാനുള്ള ഗൗരവമായ ആലോചനയിലാണ് യുഎസ് എന്നും ട്രംപ് കടുത്ത മുന്നറിയിപ്പും നല്കി.
അതേസമയം ഇറാന് പ്രസിഡന്റ് ആക്രമണം അവസാനിപ്പിക്കുമെന്ന് പറയുമ്പോഴും ഗള്‍ഫ് മേഖലയില്‍ ഭീതി പൂര്‍ണമായും ഒഴിവായിട്ടില്ല. ദുബായ്, അബുദാബി തുടങ്ങിയ നഗരങ്ങളില്‍ ഇന്നും സ്ഫോടന ശബ്ദങ്ങളും വ്യോമാക്രമണ സൈറണുകളും കേട്ടിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കേണ്ട സാഹചര്യവുമുണ്ടായി. ഫെബ്രുവരി അവസാനമാണ് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിക്കുകയും യുദ്ധം ഗള്‍ഫ് മേഖലയിലേക്ക് വ്യാപിച്ചതും. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടത് വലിയ ആശങ്കയോടെയാണ് ലോകം ഉറ്റുനോക്കിയത്. ഇതിനു പിന്നാലെ ഗള്‍ഫിലെ യുഎസ് താവളങ്ങള്‍ക്കു നേരെ ഇറാന് ആക്രമണം കടുപ്പിക്കുകയും ചെയ്തിരുന്നു.