ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ തുടങ്ങി. സംഘടിത കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനുള്ള കർണാടക കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈംസ് ആക്ട് (കക്കോക്ക) കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ സാക്ഷിയും ഗൗരിയുടെ സഹോദരിയുമായ കവിത ലങ്കേഷിനെയാണ് വിസ്തരിച്ചത്.
മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് വീടിനു സമീപം അജ്ഞാതരായ ചിലരുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടതായി ഗൗരി പറഞ്ഞിരുന്നു. തുടർന്ന് താനും അമ്മയും പൊലീസിൽ പരാതി നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ വേണ്ടെന്നാണ് ഗൗരി പറഞ്ഞതെന്ന് കവിത ജഡ്ജി സി.എം.ജോഷി മുൻപാകെ മൊഴി നലകി.
കേസിൽ അറസ്റ്റിലായ 17 പ്രതികളിൽ 6 പേർ മുംബൈ ആർതർ റോഡ് ജയിലിലും ബാക്കിയുള്ളവർ ബെംഗളൂരു സെൻട്രൽ ജയിലിലുമാണ്. 2017 1 സെപ്റ്റംബർ 5ന് രാത്രിയാണ് രാജരാജേശ്വരി നഗറിലെ വസതിക്ക് മുന്നിൽ ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
സനാതൻ സൻസ്ത ഉൾപ്പെടെയുള്ള തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള പരശുറാം വാ മൊറെ, അമോൽ കാലെ എന്നിവർ ഉൾപ്പെടെ 18 പേരെ പ്രതിചേർത്ത് 9,325 പേജുള്ള കുറ്റപത്രമാണ് 2018 നവംബർ 23ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതിയിൽ സമർപ്പിച്ചത്.