ബെംഗളുരു • കർണാടക പൊലീസിൽ ആദ്യമായി ട്രാൻസ്ജെൻഡ്റുകൾക്കും തൊഴിലവസരം ഒരുക്കി അപേക്ഷ ക്ഷണിച്ചു. സ്പെഷൽ റിസർവ് എസ്ഐ തസ്തികയിലേക്കാണിത്. 70 ഒഴിവുകളിലേക്കുള്ള വിജ്ഞാപനത്തിലാണു സ്ത്രീപുരുഷന്മാർക്കു പുറമേ ട്രാൻസ്ജെൻഡറുകൾക്കും അപേക്ഷിക്കാമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. ജനുവരി 18 വരെ ഓൺലൈനായി അപേക്ഷിക്കാം.
രാജ്യത്ത് ആദ്യമായി ട്രാൻൻസ്ജെൻഡറുകൾക്ക് 1% തൊഴിൽ സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം കൂടിയാണ് കർണാടക. ട്രാൻസ്ജെൻഡറുകൾക്കായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘സംഗമ’ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സർക്കാർ ജോലികളിൽ ഇവർക്ക് സംവരണം ഉറപ്പാക്കിയത്.ജനറൽ മെറിറ്റ്, പട്ടിക വിഭാഗം, മറ്റു പിന്നാക്ക വിഭാഗം (ഒബിസി) തുടങ്ങിയ വിഭാഗങ്ങളിൽ 1% സംവരണത്തിന് ഇവർ യോഗ്യരാണ്. ഒരു ലക്ഷത്തിലധികം ട്രാൻസ്ജെൻഡറുകളാണ് കർണാടക യിലുള്ളത്.