ബെന്‍ഗ്ലൂര്‍: ബെന്ഗ്ലൂരിലെ ഉള്ളാളില്‍ ഇലക്ട്രിക് ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അച്ഛനും മകളും മരണത്തിന് കീഴടങ്ങി.ശിവരാജ് (55), മകള്‍ ചൈതന്യ(19) എന്നിവരാണ് മരിച്ചത്. ശിവരാജ് സംഭവം നടന്ന ബുധനാഴ്ച തന്നെ മരിച്ചിരുന്നു.
വ്യാഴാഴ്ച പുലര്‍ചെ രണ്ടു മണിയോടെയാണ് ചൈതന്യയുടെ മരണം.ചൈതന്യയുടെ വിവാഹ നിശ്ചയ ചടങ്ങിനായി കണ്വെന്ഷന് സെന്റര്‍ ബുക് ചെയ്ത് അച്ഛനും മകളും ബൈകില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. തുടര്‍ന്ന് ഇരുവരേയും വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സ്ഫോടനസമയത്ത് റോഡിലെ കുണ്ടുംകുഴിയും മുറിച്ചുകടക്കാന്‍ ശിവരാജ് ബൈകിന്റെ വേഗത കുറച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സ്ഫോടനത്തെ തുടര്‍ന്ന് ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് എണ്ണ ശരീരത്തില്‍ പതിച്ചതാണ് ഇരുവര്‍ക്കും മാരകമായ പൊള്ളലേല്‍ക്കാന്‍ കാരണമായത്.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ ബൈകും കത്തിനശിച്ചു.സംഭവത്തില്‍ സഹകരണ മന്ത്രിയുടെയും പ്രാദേശിക എംഎല്‍എ എസ് ടി സോമശേഖറിന്റേയും ഉത്തരവിനെ തുടര്‍ന്ന് ജ്ഞാനഭാരതി പൊലീസ് ബെന്‍ഗ്ലൂര്‍ ഇലക്ട്രിസിറ്റി സപ്ലൈ കംപനി ലിമിറ്റഡിന്റെ (ബെസ്കോം) എക്സിക്യൂടിവ് എന്‍ജിനീയര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും എതിരെ ക്രിമിനല്‍ അനാസ്ഥയ്ക്ക് കേസ് രെജിസ്റ്റര്‍ ചെയ്തു. ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് ബെസ് കോമിലേക്കുള്ള ഓയില്‍ ചോര്ചയെക്കുറിച്ച് കഴിഞ്ഞ ദിവസം നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് കേസെടുത്തത്.