ബെംഗളൂരു : കനത്തമഴയിൽ മണ്ണിടിച്ചിലുണ്ടായ മംഗളൂരു-ബെംഗളൂരു റെയിൽപ്പാതയിൽ 12 ദിവസത്തിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. ഹാസനിലെ സകലേശ്പുരയ്ക്കടുത്ത് യടകുമേറി-കടഗരവള്ളി സ്റ്റേഷനുകൾക്കിടയിൽ ജൂലായ് 26-ന് രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. കുന്നിൻചരുവിലൂടെ കടന്നുപോകുന്ന പാളത്തിന്റെ മുകൾഭാഗത്തും അടിഭാഗത്തും മണ്ണിടിഞ്ഞിരുന്നു. കുന്നിന്റെ അടിഭാഗത്ത് മതിൽനിർമിച്ചും മണൽച്ചാക്കുകളടുക്കിയും സുരക്ഷ വർധിപ്പിച്ചാണ് പാളം വീണ്ടും ഗതാഗതസജ്ജമാക്കിയത്.
സുരക്ഷ വർധിപ്പിച്ചശേഷം പാളത്തിലൂടെ ആദ്യ തീവണ്ടി വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ കടന്നുപോയി. യശ്വന്തപുര-മംഗളൂരു ജങ്ഷൻ ഗോമടേശ്വര എക്സ്‌പ്രസ് തീവണ്ടിയാണ് ആദ്യം സർവീസ് നടത്തിയത്. ഇതിനുപിന്നാലെ, ഈ റൂട്ടിലൂടെയുള്ള ബാക്കി തീവണ്ടികളും അതിന്റെ നിശ്ചിതസമയം സർവീസ് നടത്തുമെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.
മണ്ണിടിച്ചിലുണ്ടായി പാത തടസ്സപ്പെട്ടതോടെ കണ്ണൂർ-മംഗളൂരു-ബെംഗളൂരു തീവണ്ടി സർവീസും തടസ്സപ്പെട്ടിരുന്നു. ഇതോടെ ഈ റൂട്ടിലെ യാത്രക്കാർ ദുരിതത്തിലായി. തീവണ്ടികൾ റദ്ദാക്കിയത് രണ്ടുതവണ നീട്ടി. കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് റദ്ദാക്കിയത് ബുധനാഴ്ചവരെയും കണ്ണൂർ-കെ.എസ്.ആർ.ബെംഗളൂരു എക്സ്‌പ്രസ് റദ്ദാക്കിയത് വ്യാഴാഴ്ചവരെയുമാണ് അവസാനം നീട്ടിയത്. ഇതുൾപ്പെടെ 12 തീവണ്ടികളാണ് റദ്ദാക്കിയത്.
വിനോദസഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്ടിലേക്കുള്ള പ്രവേശനം തമിഴ്‌നാട് നിരോധിച്ചു.
ദക്ഷിണേന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്ടിലേക്കുള്ള പ്രവേശനം തമിഴ്‌നാട് നിരോധിച്ചു.കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന പ്രധാന മലമുകളിലേക്കുള്ള പ്രവേശനം തടഞ്ഞാണ് തമിഴ്‌നാട് ബോര്‍ഡ് സ്ഥാപിച്ചത്. രാമക്കല്‍മേടിന് ഈ പേര് ലഭിക്കാന്‍ കാരണമായ രാമക്കല്ലുള്ള മലനിര തമിഴ്‌നാടിന്‍റെ അധീനതയിലാണ്. തമിഴ്‌നാടന്‍ കാര്‍ഷിക ഗ്രാമങ്ങള്‍ക്ക് അഭിമുഖമായി നില്‍ക്കുന്ന രാമക്കല്ലാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. മേഖലയില്‍ കേരളത്തിന്‍റെ അധീനതയിലുള്ള മൊട്ടക്കുന്നുകളില്‍നിന്ന് തമിഴ്‌നാടിന്‍റെ വിദൂരകാഴ്ചകളും രാമക്കല്ലും ആസ്വദിക്കാനാവുമെങ്കിലും രാമക്കല്ലിലെ ഉദയാസ്തമയ കാഴ്ചകള്‍ ആസ്വദിക്കാന്‍ നിരവധി സഞ്ചരികള്‍ എത്തിയിരുന്നു.
കേരളത്തിന്‍റെ സ്ഥലത്ത് കുറവന്‍ കുറത്തി ശില്പം, മലമുഴക്കി വേഴാമ്ബല്‍, വാച്ച് ടവര്‍ എന്നിവ ഉണ്ടെങ്കിലും രാമക്കല്ല് കാണാനും മുകളില്‍ കയറി ഫോട്ടോ എടുക്കാനുമാണ് കേരളത്തില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും സഞ്ചാരികള്‍ എത്തുന്നത്. തമിഴ്‌നാട് വനമേഖലയില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്തേക്ക് കേരളത്തിലൂടെ മാത്രമേ പ്രവേശിക്കാനാകൂ. ഈ പ്രവേശന പാതയാണ് തമിഴ്‌നാട് വനംവകുപ്പ് അടച്ചത്.പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ സഞ്ചാരികള്‍ വനമേഖലയില്‍ ഉപേക്ഷിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അനധികൃതമായി പ്രവേശിച്ചാല്‍ ആറു മാസം തടവോ 500 രൂപ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് ബോര്‍ഡില്‍ സൂചിപ്പിക്കുന്നത്. പ്രവേശനം വിലക്കിയതോടെ രാമക്കല്‍മേട്ടില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകും. പ്രവേശനം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്.