തിരുവനന്തപുരം : അറ്റകുറ്റപ്പണികള്‍ കാരണം 19 ഓളം ട്രെയിനുകള്‍ റദ്ദാക്കി.തൃശൂര്‍ യാര്‍ഡിലും ആലുവ അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. 15 ട്രെയിനുകള്‍ പൂര്‍ണമായും 4 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകള്‍ : ഗരീബ്‌രഥ് എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ്, കൊല്ലം എറണാകുളം മെമു, എറണാകുളം കൊല്ലം മെമു, എറണാകുളം കായംകുളം മെമു, കൊല്ലം കോട്ടയം മെമു, എറണാകുളം കൊല്ലം സ്‌പെഷ്യല്‍ മെമു, കോട്ടയം കൊല്ലം മെമു.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍: കായംകുളം എറണാകുളം എക്‌സ്പ്രസ്, എറണാകുളം ആലപ്പുഴ മെമു, ആലപ്പുഴ എറണാകുളം എക്‌സ്പ്രസ്. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന നാഗര്‍കോവില്‍ കോട്ടയം എക്‌സ്പ്രസ് എന്നിവ കൊല്ലം വരെ മാത്രമേ സര്‍വീസ് നടത്തുള്ളൂ. ശബരി എക്‌സ്പ്രസ്, കേരള എക്‌സ്പ്രസ്, കന്യാകുമാരി ബെംഗളൂരു എക്‌സ്പ്രസ്, തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്‌ദി, തിരുവനന്തപുരം ചെന്നൈ മെയില്‍, നാഗര്‍കോവില്‍ ഷാലിമാര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, വഞ്ചിനാട് എക്‌സ്പ്രസ്, പുനലൂര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ നാളെ ആലപ്പുഴ വഴിയും തിരിച്ചുവിട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏപ്രില്‍ 27നും സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ ഗാര്‍ഡറുകള്‍ മാറ്റുന്നതിനാലാണ് ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം-കണ്ണൂര്‍, കണ്ണൂര്‍ -തിരുവനന്തപുരം ജനശതാബ്‌ദി എക്‌സ്‌പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയുണ്ടായി.
രപ്‌തിസാഗര്‍ എക്‌സ്‌പ്രസ് ട്രെയിന്‍ പാലക്കാട് സര്‍വീസ് അവസാനിപ്പിച്ചിരുന്നു. രപ്‌തിസാഗര്‍ എക്‌സ്‌പ്രസ് പാലക്കാട് ജങ്ഷനും എറണാകുളം ജങ്ഷനും ഇടയ്ക്ക് ഭാഗികമായി റദ്ദാക്കുകയായിരുന്നു.
തിരുവനന്തപുരം-കണ്ണൂര്‍, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്‌ദി, ചെന്നൈ – ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ്, ആലപ്പുഴ- ചെന്നൈ സെന്‍ട്രല്‍ എക്‌സ്‌പ്രസ്, എറണാകുളം- കണ്ണൂര്‍ ഇന്‍റര്‍സിറ്റി എക്‌സ്പ്രസ്, എറണാകുളം-ഗുരുവായൂര്‍ എക്‌സ്‌പ്രസ്, നാഗര്‍കോവില്‍-മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസ്, മംഗളൂരു-നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ്, കൊച്ചുവേളി-ലോക്‌മാന്യതിലക് ഗരീബ്‌രഥ് എക്‌സ്പ്രസ്, എറണാകുളം-പാലക്കാട് മെമു എക്‌സ്പ്രസ്, പാലക്കാട്-എറണാകുളം മെമു എക്‌സ്പ്രസ്, എറണാകുളം-ഷൊര്‍ണൂര്‍ മെമു എക്‌സ്പ്രസ്, ഗുരുവായൂര്‍- തൃശൂര്‍ എക്‌സ്പ്രസ്, തൃശൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് ഏപ്രില്‍ 27ന് റദ്ദാക്കിയത്.
അതേസമയം ഏപ്രില്‍ 25 കേരളത്തിന്‍റെ റെയില്‍ മേഖലയ്‌ക്ക് ഏറെ പ്രാധാന്യമുള്ള ദിവസമായിരുന്നു. കേരളത്തിലെ വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തത് അന്നായിരുന്നു. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വന്ദേഭാരത് ട്രെയിന്‍ ഏതാനും ചില സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തി തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്ക് യാത്രക്കാരെ അതിവേഗം എത്തിക്കുകയാണ്.1,128 പേര്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യാം. ട്രെയിനിന്‍റെ മുന്നിലും പുറകിലും ഡ്രൈവര്‍ക്കുള്ള ക്യാബിന്‍ ഉണ്ട്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആരംഭിച്ച സര്‍വീസിന് പരമാവധി വേഗം 100 മുതല്‍ 110 വരെയാണ്.
പാര്‍സലില്‍ ലഹരിമരുന്നുണ്ടെന്ന് ഭീഷണിപ്പെടുത്തി വനിതാഡോക്ടറില്‍നിന്ന് 5 കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി;
ന്യൂഡെല്‍ഹി: ഭീഷണിപ്പെടുത്തി വനിതാഡോക്ടറില്‍നിന്ന് അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി.പാര്‍സലില്‍ ലഹരിമരുന്നുണ്ടെന്ന് പറഞ്ഞ് പേടിപ്പിച്ച് മുംബൈ പൊലീസിന്റെയും റിസര്‍വ് ബാങ്കിന്റെയും പേരിലായിരുന്നു തട്ടിപ്പെന്നാണ് പരാതി. 4.73 കോടി രൂപയാണ് വനിതാ ഡോക്ടര്‍ക്ക് നഷ്ടപ്പെട്ടത്. പരാതിയ്ക്ക് പിന്നാലെ കേസന്വേഷിക്കാന്‍ ഡെല്‍ഹി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
പൊലീസ് പറയുന്നത്: മേയ് അഞ്ചിന് മുംബൈയിലെ ഫെഡെക്‌സ് കുറിയറില്‍നിന്നാണെന്നു പറഞ്ഞ് ഡോക്ടര്‍ക്കു ഫോണ്‍ കോള്‍ വന്നതാണ് തട്ടിപ്പിന് തുടക്കം. ഡോക്ടറുടെ പേരില്‍ അയച്ച പാര്‍സല്‍ മുംബൈ പൊലീസ് പിടികൂടിയെന്നും അതില്‍ നിന്ന് 140 ഗ്രാം എംഡിഎംഎ കണ്ടെത്തിയെന്നും അറിയിച്ചു. പാഴ്‌സല്‍ അയച്ചിട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍, അന്ധേരി പൊലീസ് സ്റ്റേഷനിലെ സ്മിത പാട്ടീല്‍ എന്ന വനിതാ ഇന്‍സ്‌പെക്ടറുടെ ഫോണ്‍ നമ്ബര്‍ നല്‍കി പരാതി നല്‍കാന്‍ നിര്‍ദേശിച്ചു.
തുടര്‍ന്ന് ഇന്‍സ്‌പെക്ടറെ ബന്ധപ്പെട്ട ഡോക്ടര്‍, അവര്‍ പറഞ്ഞതു പ്രകാരം സ്‌കൈപ് ആപ് ഫോണില്‍ ഡൗണ്‍ലൗഡ് ചെയ്ത് കോണ്‍ഫറന്‍സ് കോളില്‍ പങ്കെടുത്തു.തുടര്‍ന്ന് ഡോക്ടറുടെ രേഖകള്‍ ഉപയോഗിച്ച് മുംബൈയില്‍ 23 ബാങ്ക് അകൗണ്ടുകള്‍ തുറന്നുവെന്നും പണം തട്ടിച്ചുവെന്നും അവര്‍ ധരിപ്പിച്ചു. ഡോക്ടറുടെ പക്കലുള്ള പണം തട്ടിപ്പിലൂടെ ലഭിച്ചതല്ലെന്നു ബോധ്യപ്പെടുത്താന്‍ അതുമുഴുവന്‍ ആര്‍ബിഐയുടെ പരിശോധനയ്ക്കു നല്‍കാനും നിര്‍ദേശിച്ചു.
മറ്റാരെങ്കിലും അറിഞ്ഞാല്‍ അവര്‍കൂടി ലഹരിക്കേസില്‍ പ്രതികളാകുമെന്നു സംഘം മുന്നറിയിപ്പു നല്‍കി. ഇതോടെ ഭയന്ന ഡോക്ടര്‍ ഭര്‍ത്താവിനോടുപോലും പറയാതെ ജോയിന്റ് അകൗണ്ടിലുള്ളതടക്കം എല്ലാ നിക്ഷേപങ്ങളും ഡോക്ടര്‍ സ്വന്തം അകൗണ്ടിലേക്കു മാറ്റി. ഇതിനുശേഷം മുംബൈ പൊലീസിലെ ഡിസിപി ബാല്‍സിങ് രാജ്പുത് ആണെന്നു പരിചയപ്പെടുത്തി സ്‌കൈപില്‍ വന്നയാള്‍ ബാങ്കിലൂടെ പണം കൈമാറാനുള്ള ആര്‍ടിജിഎസ് ഫോമുകള്‍ പൂരിപ്പിക്കാന്‍ നിര്‍ദേശിച്ചു. ഇതിനിടെ മഹാരാഷ്ട്ര നര്‍കോടിക്‌സ് ഡിവിഷന്‍, ആര്‍ബിഐ എന്നിവയുടെ സ്‌കൈപ് ഐഡികളും ഗ്രൂപ് കോളില്‍ ചേര്‍ന്നു. ഡോക്ടറുടെ അകൗണ്ടിലെ മുഴുവന്‍ തുകയും ആര്‍ബിഐ അകൗണ്ടിലേക്കു മാറ്റാന്‍ ഇവര്‍ നിര്‍ദേശിച്ചു.
പരിശോധിച്ചശേഷം പണം തിരിച്ചു നല്‍കാമെന്ന് ഉറപ്പുനല്‍കി. ആദ്യം ഒരു കോടി രൂപ ആര്‍ടിജിഎസ് വഴി അയച്ച് സ്‌ക്രീന്‍ഷോട് നല്‍കാന്‍ പറഞ്ഞു. മൊത്തം 4.73 കോടി രൂപ കൈമാറിയപ്പോള്‍ ക്ലിയറന്‍സ് റിപോര്‍ട് വരുന്നതുവരെ കാത്തിരിക്കാന്‍ നിര്‍ദേശിച്ചു. എല്ലാ സ്‌കൈപ് ചാറ്റുകളും നീക്കംചെയ്യാന്‍ പറഞ്ഞതും ഡോക്ടര്‍ അനുസരിച്ചു. എല്ലാം കഴിഞ്ഞിട്ടും ഈ മാസം 9 വരെ കാത്തിരുന്നിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് ഡോക്ടര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.