Home Featured ഗതാഗത നിയമലംഘനം; ബംഗളൂരുവില്‍ മൂന്നു ദിവസത്തിനിടെ പിഴയീടാക്കിയത് 16.91 ലക്ഷം

ഗതാഗത നിയമലംഘനം; ബംഗളൂരുവില്‍ മൂന്നു ദിവസത്തിനിടെ പിഴയീടാക്കിയത് 16.91 ലക്ഷം

ബംഗളൂരു: ബംഗളൂരു ട്രാഫിക് പൊലീസ് മൂന്നു ദിവസമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ ഗതാഗത നിയമലംഘനത്തിന് വാഹന ഉടമകളില്‍നിന്ന് 16,91,300 രൂപ പിഴയീടാക്കി.തിങ്കളാഴ്ചമുതല്‍ ബുധനാഴ്ചവരെ നഗരത്തിലെ വിവിധ ഭാഗങ്ങളിലായിരുന്നു പ്രത്യേക പരിശോധന നടത്തിയത്. തിങ്കളാഴ്ച സ്കൂള്‍, കോളജ് പരിസരങ്ങളില്‍ നിയമലംഘനം നടത്തുന്നവരെയും ചൊവ്വാഴ്ച നഗരത്തില്‍ ജലവിതരണം നടത്തുന്ന ട്രാക്ടർ, ലോറി എന്നിവയെയും ബുധനാഴ്ച നിയമലംഘകരായ ഓട്ടോ ഡ്രൈവർമാരെയും ലക്ഷ്യമിട്ടായിരുന്നു പരിശോധന. ആകെ 2,000 കേസ് രജിസ്റ്റർ ചെയ്തു. സ്കൂള്‍, കോളജ് പരിസരത്തെ നിയമലംഘനത്തിന് 9,85,000 രൂപയാണ് പിഴയീടാക്കിയത്.

ഹെല്‍മറ്റ് ധരിക്കാത്തതിന് 132 കേസും മൂന്നുപേരുമായി ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തതിന് 375 കേസും നിരോധിത മേഖലയില്‍ പ്രവേശിച്ചതിന് 27 കേസും നടപ്പാതയിലൂടെ വാഹനമോടിച്ചതിന് 1466 കേസും രജിസ്റ്റർ ചെയ്തു. വാട്ടർ ടാങ്കർ വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് 595 കേസ് രജിസ്റ്റർ ചെയ്തു. 3,33,500 രൂപ പിഴയീടാക്കി.

യൂനിഫോം ധരിക്കാതെ വാഹനമോടിച്ചതിന് 252 കേസും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 40 കേസും നോ എൻട്രി മേഖലയില്‍ പ്രവേശിച്ചതിന് 134 കേസും നിയമപ്രകാരമല്ലാത്ത നമ്ബർ പ്ലേറ്റ് ഉപയോഗിച്ചതിന് 48 കേസും ലൈൻ നിർദേശം പാലിക്കാത്തതിന് ആറ് കേസും പാർക്കിങ് നിരോധന മേഖലയില്‍ വാഹനം നിർത്തിയതിന് 64 കേസും രജിസ്റ്റർ ചെയ്തു. നടപ്പാതയില്‍ വാഹനം നിർത്തിയിട്ടതിന് നാല് കേസും ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയതിന് 13 കേസും മദ്യപിച്ച്‌ വാഹനമോടിച്ചതിന് ഒരു കേസും രജിസ്റ്റർ ചെയ്തു.ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാൻ തയാറാകാതിരുന്നതിനും അമിത ചാർജ് യാത്രക്കാരില്‍നിന്ന് ഈടാക്കിയതിനും ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസെടുത്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group