Home Featured ബെംഗളൂരു:നഗരനിരത്തുകളിൽ അനധികൃതമായി പാർക്ക് ; ടോയിങ് പുനരാരംഭിച്ച് ട്രാഫിക് പൊലീസ്

ബെംഗളൂരു:നഗരനിരത്തുകളിൽ അനധികൃതമായി പാർക്ക് ; ടോയിങ് പുനരാരംഭിച്ച് ട്രാഫിക് പൊലീസ്

ബെംഗളൂരു∙ നഗരനിരത്തുകളിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കെട്ടിവലിച്ചു കൊണ്ടുപോകുന്നത് (ടോയിങ്) ട്രാഫിക് പൊലീസ് പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം ഫ്രീഡം പാർക്കിനോടു ചേർന്ന ഗാന്ധിനഗർ, മജസ്റ്റിക് മേഖലകളിൽ നിന്നായി നൂറിലേറെ വാഹനങ്ങൾ നീക്കം ചെയ്തു. ആദ്യ ഘട്ടത്തിൽ അനധികൃത പാർക്കിങ്ങിനുള്ള പിഴ മാത്രമാണ് ഉടമകളിൽ നിന്ന് ഈടാക്കുന്നത്. അടുത്ത ഘട്ടത്തിൽ ടോയിങ് ചെലവ് ഉൾപ്പെടെ ഉടമകൾ നൽകേണ്ടി വരും. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് നടപടി.

ഇതിനായി 1194 റോ‍ഡുകൾ പാർക്കിങ് നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ നിയമ ലംഘകർക്കെതിരെ നടപടി കർശനമാക്കും. പരക്കെ പരാതി ഉയർന്നതോടെ 2022 ഫെബ്രുവരിയിലാണ് വാഹനങ്ങൾ കെട്ടിവലിച്ചു കൊണ്ടുപോകുന്നത് ട്രാഫിക് പൊലീസ് നിർത്തിവച്ചത്. പകരം വാഹന ടയറുകൾ ചലിക്കാത്ത വിധം പൂട്ടാനുള്ള ലോക്ക് സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. ഇതു ഫലപ്രദമല്ലെന്ന പരാതി വ്യാപകമായിരുന്നു.

കേസുകളും വർധിക്കുന്നു:കഴിഞ്ഞ രണ്ടര വർഷത്തിനിടെ നഗരത്തിൽ പാർക്കിങ് നിയമങ്ങൾ ലംഘിച്ചതിന് 28.59 ലക്ഷം കേസുകൾ റജിസ്റ്റർ ചെയ്തു. ഈ വർഷം ജൂൺ വരെ 5.21 ലക്ഷം കേസുകളുണ്ടായി. 5.97 കോടി രൂപ പിഴയായി ഈടാക്കി. നഗരത്തിൽ വാഹനാപകടങ്ങളിൽ മരിക്കുന്നതിൽ ഏറെയും കാൽനടയാത്രക്കാരാണ്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അനധികൃത പാർക്കിങ്ങാണെന്ന് ട്രാഫിക് പൊലീസ് ചൂണ്ടിക്കാട്ടുന്നു. നടപ്പാതകളിലും റോഡുകളോടു ചേർന്നും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തിരക്കേറിയ റോഡുകളിലൂടെ നടക്കാൻ കാൽനടയാത്രക്കാരെ പ്രേരിപ്പിക്കുന്നു. ഇത് അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകുന്നുണ്ട്.

പാർക്കിങ് കേന്ദ്രം തുറന്നിട്ടും ഫലമില്ല:മേഖലയിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ ഫ്രീഡം പാർക്കിലെ മൾട്ടിലെവൽ പാർക്കിങ് കേന്ദ്രം ജൂൺ 21ന് തുറന്നിരുന്നു. 3 നിലകളിലായി ഒരേസമയം 600 കാറുകളും 750 ബൈക്കുകളും പാർക്ക് ചെയ്യാവുന്ന കേന്ദ്രത്തിനു മോശം പ്രതികരണമാണ് ലഭിച്ചത്. കേന്ദ്രത്തിന്റെ പകുതിയിലേറെ സ്ഥലം ഒഴി‍ഞ്ഞു കിടക്കുമ്പോഴും മേഖലയിൽ അനധികൃത പാർക്കിങ് തുടർന്നു. ഇതോടെയാണ് കടുത്ത നടപടികളുമായി ട്രാഫിക് പൊലീസ് രംഗത്തെത്തിയത്. നിയമസഭയിൽ ഉൾപ്പെടെ വിഷയം ഉന്നയിക്കപ്പെട്ടപ്പോൾ ടോയിങ് പുനരാരംഭിക്കണമെന്ന ആവശ്യം നഗര മണ്ഡലങ്ങളിലെ എംഎൽഎമാർ മുന്നോട്ടുവച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group