Home Featured പിന്നിലെ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിലും ഇനി കുടുങ്ങും, നടപടി തുടങ്ങി ഈ ട്രാഫിക് പൊലീസ്!

പിന്നിലെ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിലും ഇനി കുടുങ്ങും, നടപടി തുടങ്ങി ഈ ട്രാഫിക് പൊലീസ്!

by കൊസ്‌തേപ്പ്

ദേശീയ തലസ്ഥാനത്ത് റോഡ് സുരക്ഷാ അവബോധം ഊർജിതമാക്കുന്നതിനുള്ള നടപടി ആരംഭിച്ച് ദില്ലി ട്രാഫിക്ക് പൊലീസ്. പിൻസീറ്റ് ബെൽറ്റ് ധരിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന നടപടിയെന്ന നിലയിൽ, ദില്ലി ട്രാഫിക് പോലീസ് കഴിഞ്ഞ ദിവസം 1,000 രൂപ പിഴയോടെ 17 പേർക്ക് ചലാൻ നൽകി എന്നാണ് റിപ്പോര്‍ട്ടുകള്‍. നടപടിയുടെ ആദ്യ ദിവസം സെൻട്രൽ ദില്ലിയിലെ കൊണാട്ട് പ്ലേസിന് സമീപമുള്ള ബരാഖംബ റോഡിൽ ട്രാഫിക് പോലീസ് പരിശോധന നടത്തി. സെപ്റ്റംബർ 4ന് മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി (54) മരിച്ചതിനെ തുടർന്നാണ് പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനുള്ള ഈ കര്‍ശന നടപടി. കാറിന്‍റെ പിന്നിൽ ഇരുന്നിരുന്ന മിസ്ത്രി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 194 ബി (സുരക്ഷാ ബെൽറ്റുകളുടെ ഉപയോഗവും കുട്ടികളുടെ ഇരിപ്പിടവും) പ്രകാരം കഴിഞ്ഞ ദിവസം രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ മൊത്തം 17 കോടതി ചലാനുകൾ പുറപ്പെടുവിച്ചതായി ദില്ലി ട്രാഫിക്ക് പൊലീസിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നിയമലംഘകര്‍ക്ക് 1000 രൂപ വീതം പിഴ ചുമത്തിയതായും പോലീസ് അറിയിച്ചു. നിയമ വ്യവസ്ഥകൾ നേരത്തെ തന്നെ നിലവിലുണ്ടായിരുന്നുവെങ്കിലും മിസ്ട്രിയുടെ മരണ ശേഷം ഇത് ചർച്ചാ വിഷയമായി മാറിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ന്യൂഡൽഹി ട്രാഫിക്) ആലാപ് പട്ടേൽ പറഞ്ഞതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സീറ്റ് ബെൽറ്റ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഡൽഹി ട്രാഫിക് പോലീസ് ഇതിനകം തന്നെ ഒരു കാമ്പെയ്‌ൻ നടത്തുന്നുണ്ടെന്നും നിയമനടപടികളും സ്വീകരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. അമിതവേഗത ഒഴിവാക്കാനും എപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കാനും പൗരന്മാരോട് അഭ്യർത്ഥിക്കാൻ കഴിഞ്ഞയാഴ്ച ഡൽഹി പോലീസ് ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ വർഷം ഡൽഹിയിൽ ഡ്രൈവർമാരുടെയോ വാഹന യാത്രക്കാരുടെയോ അശ്രദ്ധമൂലമുള്ള റോഡപകടങ്ങളിൽ 1900 പേർ മരിച്ചു എന്നാണ് കണക്കുകള്‍. സീറ്റ് ബെൽറ്റ് ധരിക്കാത്തത്, തെറ്റായ പാർക്കിംഗ്, ചുവന്ന ട്രാഫിക്ക് ലൈറ്റുകളുടെ ലംഘനം, അമിതവേഗത എന്നിവയ്ക്ക് നിയമലംഘകർക്ക് ഡൽഹി ട്രാഫിക് പോലീസ് കഴിഞ്ഞ വർഷം 1.2 കോടി രൂപയുടെ നോട്ടീസ് അയച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം സൈറസ് മിസ്‍ത്രിയുടെ അപകട മരണത്തോടെ വാഹനങ്ങളില്‍ പിൻസീറ്റ് ബെൽറ്റും സീറ്റ് ബെല്‍റ്റ് അലാറങ്ങളും നിർബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.  പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതിനെ കുറിച്ച് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പിൻസീറ്റിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കാത്ത കാറുകളുടെ ഡ്രൈവർമാരിൽ നിന്ന് പിഴ ഈടാക്കാൻ ട്രാഫിക് പൊലീസിനെ അനുവദിക്കുന്ന പുതിയ നിയമം നിലവിൽ വരുകയാണെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി കഴിഞ്ഞ ദിവസം വ്യക്തമാമാക്കിയിരുന്നു. പുതിയ നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴയായി ഈടാക്കേണ്ട തുക ഏതാനും ദിവസങ്ങൾക്കുള്ളിൽ വിജ്ഞാപനത്തിൽ വിശദമാക്കുമെന്ന് നിതിൻ ഗഡ്‍കരി പറഞ്ഞു.

കാറിന്‍റെ പിറകിലെ സീറ്റിലിരുന്ന് യാത്ര ചെയ്യവേ വ്യവസായിയും ടാറ്റ സൺസ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രി കാറപകടത്തിൽ മരണപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. പിറകിലെ സീറ്റുകളിൽ സീറ്റ് ബെൽറ്റ് അലാറം ഇനിമുതൽ സ്ഥിരം ഫീച്ചറായിരിക്കുമെന്നും നിയമം വരുന്നതോടെ നിർമാണ കമ്പനികൾ ഇക്കാര്യം പാലിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ കമ്പനികൾക്ക് മതിയായ സമയം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group