മൈസൂര്‍ : രാത്രിയാത്രാ നിരോധനമുള്ള സത്യമംഗലം-മൈസൂര്‍ റോഡില്‍ ഗതാഗതതടസ്സം രൂക്ഷമായി തുടരുന്നത് യാത്രക്കാരെ വലയ്ക്കുന്നതായി പരാതി.
രാവിലെ ആറുമണിമുതല്‍ വൈകീട്ട് ആറുവരെമാത്രം ഇതുവഴി യാത്ര എന്നനിയമം വന്നതോടെ തിമ്പം ഭാഗത്ത് കയറ്റിറക്കങ്ങളുള്ളിടത്ത് വാഹനങ്ങള്‍ക്ക് ഇഴഞ്ഞുനീങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്.
രാത്രിയാത്രാ നിരോധനത്തിനെതിരേ നിരവധി സമരങ്ങള്‍ നടന്നിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മൈസൂരു അടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് പച്ചക്കറിയും മറ്റുസാധനങ്ങളും കയറ്റിവരുന്ന ചരക്കുലോറികള്‍ക്ക് തമിഴ്‌നാട്ടിലെ വിവിധ മാര്‍ക്കറ്റുകളില്‍ സമയത്തിന് എത്തിക്കാന്‍ പറ്റാത്ത അവസ്ഥയും തുടരുന്നു.
=========================================================================================
ഏഴ് ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍
ഏഴ് സ്‌പേഷ്യല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍ അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. നാഗര്‍കോവില്‍- കൊല്ലം (06426), കൊല്ലം-നാഗര്‍കോവില്‍(06427), തിരുവന്തപുരം- നാഗര്‍കോവില്‍ പ്രതിദിന സ്‌പേഷ്യല്‍ (06435) എന്നിവക്ക് ധനുവച്ചപുരം, അമരവിള സ്റ്റേഷനുകളിലാണ് അധിക സ്റ്റോപ്പ് അനുവദിച്ചത്.
ഷൊര്‍ണൂര്‍- എറണാകുളം മെമു സ്‌പേഷ്യല്‍ (06017), എറണാകുളം- ഷൊര്‍ണൂര്‍ മെമു സ്‌പേഷ്യല്‍ (06018) എന്നീ ട്രെയിനുകള്‍ക്ക് മൂല്ലൂക്കര, നെല്ലായി, ഡിവൈന്‍ നഗര്‍, കൊരട്ടി, ചൊവ്വര എന്നിവിടങ്ങളിലാണ് പുതുതായി അനുവദിച്ച സ്റ്റോപ്പുകള്‍. ഗുരുവായൂര്‍- എറണാകുളം സ്‌പേഷ്യല്‍ (06439), എറണാകുളം- ഗുരുവായൂര്‍ സ്‌പേഷ്യല്‍ (06448) എന്നിവ നെല്ലായി, ഡിവൈന്‍ നഗര്‍, കൊരട്ടി, ചൊവ്വര എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും. അധിക സ്റ്റോപ്പുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.