ഹെബ്ബാള്‍ മേല്പാലത്തില് ബുധനാഴ്ചമുതല്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മേഖലയില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണർ ബി.ദയാനന്ദ അറിയിച്ചു. മേല്‍പാലത്തിലെ ഗതാഗതക്കുരുക്ക് തടയാൻ പുതിയ രണ്ടു ലൈൻ പാതകൂടി നിർമിക്കുന്ന പ്രവൃത്തിക്കാണ് വ്യാഴാഴ്ച തുടക്കമാവുന്നത്.ബംഗളൂരു വികസന അതോറിറ്റിക്ക് (ബി.ഡി.എ) കീഴിലാണ് പ്രവൃത്തി. പുതിയ പാതകള്‍ നിർമിക്കുന്നതിനാല്‍ ഹെബ്ബാള്‍ മേല്പാലത്തില്നിന്ന് കെ.ആർ പുരം റോഡിലേക്ക് ടച്ച് ചെയ്യുന്ന കണക്ഷൻ പാതകള്‍ വേർപെടുത്തും. ബുധനാഴ്ചമുതല്‍ മേല്‍പാലത്തിലെ കെ.ആർ പുരം റോഡില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമാകും പ്രവേശനം.
നിയന്ത്രണം ഇങ്ങനെ: ഔട്ടർ റിങ് റോഡില്‍ നാഗവാര ഭാഗത്തുനിന്ന് മേക്രി സർക്കിള്‍ വഴി ബംഗളൂരു സിറ്റിയിലേക്ക് വരുന്ന വാഹനങ്ങള്‍ മേല്‍പാലത്തിന് താഴെ ഹെബ്ബാള്‍ സർക്കിളില്‍നിന്ന് വലത്തോട്ട് കോടിഗെഹള്ളി ഭാഗത്തേക്ക് തിരിഞ്ഞ് യുടേണ്‍ എടുത്ത് സർവിസ് റോഡ് വഴി സിറ്റി റോഡില്‍ പ്രവേശിക്കണം. കെ.ആർ പുരം ഭാഗത്തുനിന്ന് ബംഗളൂരു സിറ്റിയിലേക്ക് വരുന്ന വാഹനങ്ങള്‍ ഐ.ഒ.സി -മുകുന്ദ തിയറ്റർ റോഡ്, ലിംഗരാജപുരം ഫ്ലൈഓവർ റൂട്ട്, നാഗവാര-ടാണറി റോഡ് തുടങ്ങിയ ബദല്‍ റോഡുകള്‍ ഉപയോഗപ്പെടുത്തണം. ഹെഗ്ഡെ നഗർ-തനിസാന്ദ്ര ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ജി.കെ.വി.കെ-ജാക്കൂർ റോഡ് ഉപയോഗിച്ച് ബംഗളൂരു സിറ്റി റോഡില്‍ പ്രവേശിക്കണം.
കെ.ആർ പുരത്തുനിന്ന് യശ്വന്ത്പുര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഹെബ്ബാള്‍ ഫ്ലൈഓവർ വഴി നേരെ ബി.ഇ.എല്‍ സർക്കിളില്‍ പോയി ഇടത്തോട്ട് തിരിഞ്ഞ് സദാശിവനഗർ പി.എസ് ജങ്ഷനിലെത്തണം. അവിടെനിന്ന് വലത്തോട്ടു തിരിഞ്ഞ് ഐ.ഐ.എസ് സി റോഡ് വഴി യശ്വന്ത്പുരിലേക്ക് പോകണം. കെ.ആർ പുരം, ഹെന്നൂർ, എച്ച്.ആർ.ബി.ആർ ലേഔട്ട്, ബാനസ്വാഡി, കെ.ജി ഹള്ളി പരിസരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നവർ ഹെന്നൂർ-ബാഗലൂർ റോഡ് വഴി വിമാനത്താവളത്തിലേക്ക് പോകണം.