Home Featured ബെംഗളൂരു – മൈസൂരു അതിവേഗ പാതയില്‍ ടോള്‍ 22 ശതമാനം കൂട്ടി;കൂടുതൽ വായിക്കാം..

ബെംഗളൂരു – മൈസൂരു അതിവേഗ പാതയില്‍ ടോള്‍ 22 ശതമാനം കൂട്ടി;കൂടുതൽ വായിക്കാം..

കര്‍ണാടകയിലെ ബെംഗളൂരു – മൈസൂരു അതിവേഗ പാതയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ച്‌ ദേശീയ പാത അതോറിറ്റി.നിലവിലെ നിരക്കിനേക്കാള്‍ 22 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ നിരക്ക് വര്‍ധിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പായതിനാല്‍ തിരിച്ചടി ഭയന്ന് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് വര്‍ധന മരവിപ്പിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരുമാസമാകവേയാണ് നിരക്ക് വര്‍ധന വീണ്ടും നടപ്പിലാക്കുന്നത്.കാര്‍, ജീപ്പ്, വാൻ എന്നീ വാഹനങ്ങള്‍ ഒറ്റ തവണ യാത്ര ചെയ്യുന്നതിന് നേരത്തെ 135 രൂപ നല്‍കേണ്ടിയിരുന്നത് ഇപ്പോള്‍ 165 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്.

മടക്കയാത്ര കൂടി ഉണ്ടെങ്കില്‍ ടോള്‍ നിരക്ക് 205 രൂപയില്‍ നിന്ന് 250 രൂപയാകും. ബസ് ഉള്‍പ്പടെയുള്ള രണ്ട് ആക്‌സിലുള്ള ചരക്ക് വാഹനങ്ങള്‍ക്ക് ഒറ്റത്തവണ യാത്ര ചെയ്യാൻ നേരത്തെ നല്‍കി വന്ന 460 രൂപ 565 രൂപയായും മടക്കയാത്രയ്ക്ക് നല്‍കേണ്ടിയിരുന്ന 690 രൂപ 850 രൂപയാക്കിയും ഉയര്‍ത്തികൊണ്ടാണ് ദേശീയ പാത അതോറിറ്റി പുതിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്കും തിരിച്ചുമുള്ള യാത്രാ ദൈര്‍ഘ്യം മൂന്നു മണിക്കൂറില്‍ നിന്ന് 75 – 90 മിനുറ്റായി ചുരുങ്ങുമെന്നതാണ് അതിവേഗ പാതകൊണ്ടുള്ള ഗുണം. എന്നാല്‍ പാത ഉദ്‌ഘാടനം ചെയ്യും മുൻപേ ടോള്‍ നിരക്കിനെ ചൊല്ലി ആക്ഷേപം ഉയര്‍ന്നിരുന്നു.

യാത്രക്കാരുടെ കീശ കീറുന്ന ഉയര്‍ന്ന ടോള്‍ നിരക്ക് ചോദ്യംചെയ്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നെങ്കിലും അതൊന്നും ചെവികൊള്ളാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലെന്ന സൂചനയാണ് വീണ്ടും 22 ശതമാനം നിരക്ക് വര്‍ധന ഏര്‍പ്പെടുത്തിയതിലൂടെ ലഭിക്കുന്നത്. അനുബന്ധ പാതകളുടെയും അടിപ്പാതകളുടെയും ഗ്രാമങ്ങളുമായി ബന്ധിപ്പിക്കുന്ന പാതകളുടെയും പണി പൂര്‍ത്തിയാക്കാതെയാണ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ അതിവേഗ പാത ഉദ്‌ഘാടനം ചെയ്തത്. ഇപ്പോഴും പ്രദേശത്തെ കര്‍ഷകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സമരത്തിലാണ്.

ദളിതരെ അപമാനിക്കുന്ന ‘കച്ചറ’ പരസ്യം: സൊമാറ്റോയ്ക്ക് ദേശീയ പട്ടികജാതി കമ്മീഷന്റെ നോട്ടീസ്

ദളിത് വിഭാഗത്തെ അപമാനിച്ചെന്ന ആരോപണത്തില്‍ ഓണ്‍ലൈൻ ഫുഡ് ഡെലിവറി ശൃംഖലയായ സൊമാറ്റോയ്ക്ക് നോട്ടീസ്.ദേശീയ പട്ടികജാതി കമ്മീഷനാണ് വിശദീകരണം ആവശ്യപ്പെട്ടത്. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സൊമാറ്റോ സംപ്രേഷണം ചെയ്ത പരസ്യത്തില്‍ ദളിതരെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നത്.2001 ല്‍ പുറത്തിറങ്ങിയ ലഗാൻ എന്ന സിനിമയില്‍ ആദിത്യ ലഖിയ അവതരിപ്പിച്ച ‘കച്ചറ’ എന്ന കഥാപാത്രത്തെ മാലിന്യമായി ബന്ധപ്പെടുത്തി പരസ്യത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഇതാണ് വിവാദത്തിന് കാരണമായത്. ജൂണ്‍ അഞ്ചിന് പുറത്തുവിട്ട വീഡിയോയ്‌ക്കെതിരെ വ്യാപക വിമര്‍ശനവും പ്രതിഷേധവുമായിരുന്നു ഉയര്‍ന്നുവന്നത്. സൊമാറ്റോയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന് പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.സൊമാറ്റോ സ്ഥാപകൻ ദീപീന്ദര്‍ ഗോയലിനും നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തില്‍ ദേശീയ പട്ടികജാതി കമ്മീഷൻ വിശദമായ അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിശ്ചിത സമയത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍, ദീപീന്ദര്‍ ഗോയല്‍ നേരിട്ട് ഹാജരാകുന്നതിന് സമൻസ് അയക്കുമെന്നും കമ്മീഷൻ അറിയിച്ചു. എന്നാല്‍ നോട്ടീസ് ലഭിച്ചതിനെക്കുറിച്ച്‌ സൊമാറ്റോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതാദ്യമായല്ല സൊമാറ്റോ വിവാദത്തിലാകുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group