ബെംഗളൂരു: മൈസൂർ കടുവ’ ടിപ്പു സുൽത്താനെ വാഴ്ത്തുന്ന ഭാഗങ്ങൾ നീക്കി സാമൂഹിക പാഠപുസ്തകം പരിഷ്കരിക്കാൻ സർക്കാർ നീക്കമാരംഭിച്ചു.ടിപ്പുവിന്റെ ചരിത്രം വിശദീകരിക്കുന്ന ചെറിയൊരു ഭാഗം മാത്രം നിലനിർത്തും. പുതിയ അധ്യയന വർഷം പരിഷ്കരിച്ച പാഠഭാഗങ്ങൾ നിലവിൽ വരുമെന്ന സൂചനയും വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് നൽകിയിട്ടുണ്ട്. ഹിജാബ് വിലക്ക്, ക്ഷേത്ര ഉത്സവങ്ങ ളിൽ മുസ്ലിം വ്യാപാരികളെ വിലക്കൽ തുടങ്ങിയ വിവാദങ്ങൾക്കു പിന്നാലെയാണ് ടിപ്പുവിന്റെ പടയോട്ട ചരിത്രം സജീവ ചർച്ചയാകുന്നത്.ടിപ്പു പേർഷ്യൻ സംസ്കാരം അടിച്ചേൽപിച്ച് മതപരിവർത്തനത്തിന് നേതൃത്വം നൽകിയെന്നും കുടകിലെ മാണ്ഡ്യം അയ്യങ്കാർ വിഭാഗത്തിൽപെട്ടവരെ കൂട്ടക്കൊല ചെയ്തെന്നുമാണ് ബിജെപി, സംഘപരിവാർ നേതാക്കൾ വർഷങ്ങളായി ആരോപിക്കുന്നത്. 2015ൽ സിദ്ധരാമയ്യ സർക്കാർ ആവിഷ്കരിച്ച ടിപ്പു ജയന്തി ആഘോഷം 2019ൽ യെഡിയൂരപ്പ സർക്കാർ നിരോധിച്ചിരുന്നു.
രോഹിത് ചക്രതീർഥയുടെ അധ്യക്ഷതയിലുള്ള പാഠപുസ്തക നവീകരണ സമിതി സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിലാണ് പരിഷ്കാരങ്ങൾ നിർദേശിക്കുന്നത്. 6-10 വരെയുള്ള സാമൂഹിക പാഠപുസ്തകങ്ങൾ പരിഷ്കരിക്കും. തീവ്രവലതു ചിന്തകനായ രോഹിത് ചക്രതീർഥയുടെ നിയമനം വിദ്യാഭ്യാസത്തെ കാവി വൽക്കരിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ആരോപിച്ച് നേരത്തേ കോൺഗ്രസ് രംഗത്തു വന്നിരുന്നു. ഹൈന്ദവ വികാരത്തെ വൃണപ്പെടുത്തുന്ന പാഠഭാഗങ്ങൾ നീക്കാൻ ലക്ഷ്യമിട്ടാണ് 2019ൽ ഈ സമിതിയെ നിയോഗിച്ചത്.600 വർഷം രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രവിശ്യകൾ ഭരിച്ച അഹം രാജവംശം, കശ്മീർ ചരിത്രം തുടങ്ങിയവ സിലബസിൽ ഉൾപ്പെടുത്താനും സമിതി നിർദേശിച്ചിട്ടുണ്ട്. ചിക്കമഗളൂരു ബാബാ ബുധാൻഗിരി ദത്താത്രേയ പീഠത്തിനെ കുറിച്ചുള്ള പാഠഭാഗവും ഉൾപ്പെടുത്തിയേക്കും. ഹിന്ദു- മുസ്ലിം വ്യത്യാസമില്ലാതെ ആദരി ക്കപ്പെട്ടിരുന്ന സൂഫിവര്യനായ ബാബാ ബുധാൻ സ്വാമിയുടെ ദർഗ കൂടി നിലനിൽക്കുന്ന സ്ഥലത്തിന്റെ അവകാശത്തെ ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.