സ്വയം പ്രഖ്യാപിത ‘ടൈം ട്രാവലർ’മാർക്ക് ഇന്ന് യാതൊരു പഞ്ഞവുമില്ല. വിദേശ രാജ്യങ്ങളിൽ ഇത്തരക്കാർ അനവധിയുണ്ട്. ടിക്ടോക് പോലുള്ള മാധ്യമങ്ങളാണ് ഇവരുടെ പ്രധാന കേന്ദ്രം. അതിൽ പലവിധ വീഡിയോകളുമായി ഇത്തരം ‘ടൈം ട്രാവലർമാർ’ എത്താറുണ്ട്. ഏതായാലും ലോകമാകെ വേൾഡ് കപ്പിന്റെ ചൂടിൽ നിൽക്കുന്ന ഈ സമയത്ത് അതിനേയും അത്തരക്കാർ വെറുതെ വിട്ടിട്ടില്ല.
താൻ ഭാവിയിലേക്ക് സഞ്ചരിച്ച് വന്നയാളാണ് എന്നും ഫിഫ വേൾഡ് കപ്പ് ആര് നേടുമെന്ന് തനിക്ക് അറിയാമെന്നുമാണ് ഈ ‘ടൈം ട്രാവലറു’ടെ വാദം. @worldcuptimetraveller എന്ന പേരുപയോഗിക്കുന്ന ആളാണ് ടിക്ടോക്കിൽ ഇതുമായി ബന്ധപ്പെട്ട വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ഈ ടിക്ടോക്കർ നിരന്തരം വേൾഡ് കപ്പ് മാച്ചിന്റെ ചിത്രങ്ങൾ ടിക്ടോക്കിൽ പങ്ക് വയ്ക്കുന്നുണ്ട്. ഇത് താൻ ഭാവിയിലേക്ക് യാത്ര ചെയ്തപ്പോൾ എടുത്തതാണ് എന്നാണ് ഇയാളുടെ വാദം. നേരത്തെ 2021 -ൽ 2020 യൂറോ ഫൈനലിൽ ഇറ്റലിയോട് ഇംഗ്ലണ്ട് തോൽക്കും എന്ന പ്രവചനം ഇയാൾ നടത്തിയിട്ടുണ്ട്.
ഇപ്പോൾ 2022 -ലെ ലോക കപ്പിൽ ഫൈനലിൽ ബ്രസീലും ഫ്രാൻസും ഏറ്റുമുട്ടുമെന്നും ബ്രസീൽ, ഫ്രാൻസിനെ തോൽപ്പിക്കും എന്നുമാണ് ഇയാൾ പറയുന്നത്. റിച്ചാർലിസണും മാര്‍ക്വീഞ്ഞോസുമായിരിക്കും ടീമിന്റെ സ്‌കോറർമാരെന്നും ഫ്രാൻസിന്റെ സ്‌കോറർ ആന്‍റോയിന്‍ ഗ്രീസ്മാന്‍ ആയിരിക്കും എന്നും ‘ടൈം ട്രാവലർ’ അവകാശപ്പെടുന്നു.
ഏതായാലും ഇയാളുടെ വീഡിയോ അധികം വൈകാതെ തന്നെ വൈറലായി. 1.8 മില്ല്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്. അതോടെ, വിവിധ ഭാഗങ്ങളായി തിരിഞ്ഞ് വൻ ചർച്ചയും ഇതേ ചൊല്ലി നടന്നു. മാത്രമല്ല, ഈ ‘ടൈം ട്രാവലർ’ ഭാവിയിലേത് എന്ന് പറഞ്ഞ് കാണിച്ചിരിക്കുന്ന ബ്രസീൽ ഫാൻസിന്റെ വിജയാഘോഷത്തിന്റെയും മറ്റും വീഡിയോ നേരത്തെ സെർബിയക്കെതിരായ കളിയുടെ സമയത്ത് പകർത്തിയതാണ് എന്നും ആളുകൾ ചൂണ്ടിക്കാട്ടി. എന്നാലും ബ്രസീൽ ഫാൻസ് ‘ടൈം ട്രാവലറെ’ വിശ്വസിക്കുന്നില്ല എങ്കിലും കപ്പ് നേടും എന്നത് സത്യം തന്നെയാവും എന്ന് പ്രതികരിച്ചു.
എയിംസിലെ സെര്‍വര്‍ ഹാക്കിങ്: ഡാറ്റ വീണ്ടെടുത്തെന്ന് അധികൃതര്‍
ഡല്‍ഹി: സെര്‍വര്‍ ഹാക്കിങിലൂടെ നഷ്ടപ്പെട്ട ഡാറ്റ വീണ്ടെടുത്തെന്ന് എയിംസ് ആശുപത്രി അധികൃതര്‍. എന്നാല്‍ ഡാറ്റ നെറ്റ്‍വര്‍ക്കിലാക്കാന്‍ സമയമെടുക്കുന്നതിനാല്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഇനിയും വൈകും.
പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനാകാന്‍ എയിംസ് ഡി.ആര്‍.ഡി.ഒയുടെ നാല് സെര്‍വറുകളുടെ സഹായം തേടി.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രികളില്‍ ഒന്നായ എയിംസിലെ ഡാറ്റ നഷ്ടമായി എട്ട് ദിവസത്തിന് ശേഷമാണ് തിരികെ ലഭിക്കുന്നത്. ചട്ടം ലംഘിച്ച് സെര്‍വറും ബാക്കപ്പും ഒരിടത്ത് സൂക്ഷിച്ചതാതാണ് വിവരം. ഹാക്കിങിന്‍റെ പശ്ചാത്തലത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ രണ്ട് സിസ്റ്റം അനലിസ്റ്റുകളെ എയിംസ് സസ്‌പെന്‍ഡ് ചെയ്തു. അതീവ ഗൗരവമുള്ള വിഷയത്തില്‍ എയിംസ് അധികൃതരും സര്‍ക്കാരും മൗനം പാലിക്കുകയാണെന്ന് വിമര്‍ശനമുണ്ട്. ഒപി, ഐപി, ലാബ് പ്രവര്‍ത്തനങ്ങള്‍ ജീവനക്കാര്‍ നേരിട്ടാണ് ഇപ്പോള്‍ ചെയ്യുന്നത്. മറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്‍പ്പെടെ പൂര്‍ണ വിലക്ക് ആശുപത്രിയില്‍ ഉണ്ടെന്നാണ് വിവരം.
റാന്‍സംവെയര്‍ ആക്രമണത്തെ കുറിച്ച് റോ, ഐബി, എന്‍ഐഎ, ഡല്‍ഹി പൊലീസ് എന്നിവര്‍ അന്വേഷിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സോണിയ ഗാന്ധി, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി പ്രമുഖരുടെ രോഗവിവരങ്ങളും വിവിധ ആരോഗ്യ പഠന റിപ്പോട്ടുകളും ലാബ് റിസള്‍ട്ടുകളും അടങ്ങിയ സര്‍വറാണ് ഹാക്ക് ചെയ്യപ്പെട്ടത്.