ബെംഗളൂരു : പൂജ അവധിയോടനുബന്ധിച്ച്പ്രത്യേക ബസുകളിലും ടിക്കറ്റ് വേഗത്തിൽ തീരുന്നു. ചില സ്ഥലങ്ങളിലേക്ക്കേരളത്തിലേക്കുള്ള എല്ലാ ബസുകളിലും ടിക്കറ്റ് കാലിയാണ്. യാത്രാത്തിരക്ക് കണക്കിലെടുത്ത് കേരള ആർ.ടി.സി.യും കർണാടക ആർ.ടി.സി.യും പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. മിക്ക സ്ഥലങ്ങളിലേക്കും പതിവ് സർവീസുകളിൽ ടിക്കറ്റ് തീർന്നതിനെ തുടർന്നാണ് പ്രത്യേക സർവീസുകളിൽ ബുക്കിങ് തുടങ്ങിയത്. ഈ ബസുകളിലും വളരെ വേഗത്തിൽ ടിക്കറ്റ് വിറ്റുതീരുകയാണ്.
യാത്രാത്തിരക്ക് കൂടുതലുള്ള 20, 21 തീയതികളിൽ കേരള ആർ.ടി.സി.യുടെ പ്രത്യേക സർവീസുൾപ്പെടെ 130-ഓളം ബസുകളിലായി ആയിരത്തിനടുത്ത് ടിക്കറ്റുകളെ ബാക്കിയുള്ളൂ. കേരള ആർ.ടി.സി. പയ്യന്നൂർ, കണ്ണൂർ, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം എന്നിവടങ്ങളിലേക്കാണ് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ യാത്രാത്തിരക്ക് നോക്കിയിട്ട് കൂടുതൽ ബസുകൾ പ്രഖ്യാപിക്കുമെന്ന് കേരള ആർ.ടി.സി. അധികൃതർ അറിയിച്ചു.
കർണാടക ആർ.ടി.സി. 19,20,21 തീയതികളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 26 പ്രത്യേക ബസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.കണ്ണൂരിലേക്ക് 20-ന് കേരള ആർ.ടി.സിയുടെ ആറു ബസുകളിലായി (പ്രത്യേക സർവീസ് ഉൾപ്പെടെ) 13 സീറ്റുകൾ മാത്രമേ ബാക്കിയുള്ളൂ.21-ന് ആറു ബസുകളിലായി 22 സീറ്റുകളുണ്ട്. കോഴിക്കോട്ടേക്ക് 20-ന് 22 ബസുകളിലായി 186 സീറ്റുകളും 21-ന് 21 ബസുകളിലായി 372 സീറ്റുകളും ബാക്കിയുണ്ട്. രണ്ടുദിവസവും പ്രത്യേക സർവീസുകളിലാണ് ടിക്കറ്റുകൾ ബാക്കിയുള്ളത്.തൃശ്ശൂരിലേക്ക് 20-ന് 24 ബസുകളിലായി 74 സീറ്റുകളും 21-ന് 22 ബസുകളിലായി 186 സീറ്റുകളുമാണുള്ളത്.
എറണാകുളത്തേക്ക് 20-ന് പത്തു ബസുകളിലായി 12 ടിക്കറ്റുകളും 21-ന് ഒമ്പതു ബസുകളിലായി 97 സീറ്റുകളുമാണുള്ളത്. കോട്ടയത്തേക്ക് 20- ന് ഏഴു ബസുകളിലായി 30 സീറ്റുകളും 21- ന് അഞ്ചു ബസുകളിലായി 50 സീറ്റുകൾ ബാക്കിയുണ്ട്. തിരുവനന്തപുരത്തേക്ക് 20- ന് ഒമ്പതു ബസുകളിലായി 68 സീറ്റുകളും 21-ന് ആറു ബസുകളിലായി 84 സീറ്റുകളുമാണുള്ളത്.
പല്ലക്കി’ ബസ് കണ്ണൂരിലേക്കും:കർണാടക ആർ.ടി.സി. പുതിയതായി 40 നോൺ എ.സി. സ്ലീപ്പർ ബസുകളും (പല്ലക്കി) 100 സാരിഗെ ബസുകളും വരുന്നു. ശനിയാഴ്ച വിധാൻസൗധയ്ക്കുമുന്നിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി എന്നിവർ ചേർന്ന് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്യും. ‘പല്ലക്കി’ എന്നപേരുള്ള സ്ലീപ്പർ ബസുകൾ ദീർഘദൂരസർവീസുകളാകും നടത്തുക. കേരളത്തിൽ കണ്ണൂരിലേക്കും പല്ലക്കി ബസ് സർവീസ് നടത്തുമെന്നാണ് വിവരം. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതി നടപ്പാക്കിയതിന് പിന്നാലെ 1894 പുതിയ ബസുകൾ ഇറക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു. നിലവിൽ കർണാടക ആർ.ടി.സിയുടെ നാലു കോർപ്പറേഷനുകളിലായി 23,989 ബസുകൾ സർവീസ് നടത്തുന്നുണ്ട്.
കർണാടകയിൽ 188 പുതിയ ഇന്ദിരാ കാന്റീനുകൾ വരുമെന്ന് നഗരവികസന മന്ത്രി ബി എസ് സുരേഷ്
സംസ്ഥാനത്തെ നഗരപ്രദേശങ്ങളിൽ 188 പുതിയ ഇന്ദിരാ കാന്റീനുകൾ സ്ഥാപിക്കുമെന്നും നിലവിലുള്ളവയിൽ ഫണ്ട് നിക്ഷേപിക്കുന്നതിനുള്ള ആവശ്യം പരിശോധിക്കുമെന്നും കർണാടക നഗരവികസന മന്ത്രി ബി എസ് സുരേഷ് പറഞ്ഞു.ചന്നമ്മ സർക്കിളിലെ റാണി ചന്നമ്മയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച സുരേഷ്, കഴിഞ്ഞ ബിജെപി സർക്കാർ ഇന്ദിരാ കാന്റീനുകൾക്കുള്ള ഫണ്ട് തടഞ്ഞുവെച്ച് അപകീർത്തിപ്പെടുത്തിക്കൊണ്ട് ബോധപൂർവം ദയനീയാവസ്ഥയിലേക്ക് താഴ്ത്തിയതായി പറഞ്ഞു. തെറ്റായ മാനേജ്മെന്റ് അവയിൽ ചിലത് അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചു, അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് സർക്കാർ ഇന്ദിരാ കാന്റീനുകൾ പൂട്ടില്ലെന്നും 240 കോടി രൂപ ഫണ്ട് ഉപയോഗിച്ച് പുനരുജ്ജീവിപ്പിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.സംസ്ഥാനത്തെ നഗരപ്രദേശങ്ങളിൽ 188 പുതിയ ഇന്ദിരാ കാന്റീനുകൾ വരുമെന്നും ജനങ്ങളുടെ പ്രാദേശിക ഭക്ഷണ തിരഞ്ഞെടുപ്പുകൾക്കനുസരിച്ചായിരിക്കും മെനുവെന്നും അദ്ദേഹം പറഞ്ഞു. ബെലഗാവി ഡിവിഷനിൽ ജോവർ റൊട്ടിയും മൈസൂരു മേഖലയിൽ റാഗി മദ്ദേയും ഇഡ്ഡലിയും ലഭ്യമാക്കും.പ്രാദേശിക എംഎൽഎമാരിൽ നിന്ന് ഇത്തരം ആവശ്യങ്ങൾ വന്നാൽ ബെലഗാവി സിറ്റി കോർപ്പറേഷന്റെ അധികാരപരിധി വർധിപ്പിക്കുന്നതും സർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.