ബെംഗളൂരു: ട്രക്കിലിടിച്ച് ബൈക്ക് യാത്രികരായ മൂന്ന് വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം. ബെംഗളൂരു എയർപോർട്ട് റോഡില്‍ ചിക്കജാല മേല്‍പ്പാലത്തിലാണ് സംഭവം.ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിലെ (ജികെവികെ) ബിഎസ്‌സി അഗ്രിക്കള്‍ച്ചർ നാലാം വർഷ വിദ്യാർത്ഥികളായ സുചിത്, രോഹിത്, ഹർഷവർദ്ധൻ എന്നിവരാണ് മരിച്ചത്. പുലർച്ചെ 1.30ഓടെയാണ് അപകടം നടന്നത്.
മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് ചരക്കുമായി പോവുകയായിരുന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു. സുചിത്താണ് ബൈക്ക് ഓടിച്ചിരുന്നതെന്നും അമിത വേഗതയില്‍ ലെയിൻ മാറാൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായെന്നുമാണ് പൊലീസ് പറയുന്നത്. റോഡിലേക്ക് വീണ മൂന്ന് പേരുടെയും ശരീരത്തില്‍ മറ്റൊരു വാഹനം കയറിയിറങ്ങിയാണ് മരണം സംഭവിച്ചതെന്നു പൊലീസ് പറഞ്ഞു.
അപകടത്തിന് ശേഷം ഈ വാഹനം നിർത്താതെ പോവുകയും ചെയ്തു. മരിച്ച മൂന്ന് പേർക്കും 21-22 വയസ്സാണ് പ്രായം. അഞ്ച് സുഹൃത്തുക്കള്‍ ചേർന്ന് ഹോസ്റ്റലില്‍ നിന്ന് രണ്ട് ബൈക്കുകളിലായി പുറത്തുപോയപ്പോഴാണ് അപകടമുണ്ടായത്. രണ്ട് പേർ മറ്റൊരു ബൈക്കിലാണ് ഉണ്ടായിരുന്നത്. സുഹൃത്തിന്‍റെ ജന്മദിന പാർട്ടിയില്‍ പങ്കെടുക്കാനാണ് ഇവർ പോയതെന്നാണ് റിപ്പോർട്ട്. മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം ബി ആർ അംബേദ്കർ ആശുപത്രിയിലേക്ക് മാറ്റി.
ഹോസ്റ്റലില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
ഫ്രീഡ്ജ് പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച പുലര്‍ച്ചെ 4.30-നായിരുന്നു സംഭവം. തമിഴ്‌നാട് മധുര കട്രപാളയത്തെ സ്വകാര്യ ഹോസ്റ്റലില്‍ ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.ഹോസ്റ്റലില്‍ 22 ഓളം പേര്‍ ഉണ്ടായിരുന്നു. ഇവരെയെല്ലാം രക്ഷപ്പെടുത്തിയെന്നും ഇവരെ സുരക്ഷിതമായി മറ്റൊരു സ്ഥലത്തില്‍ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അഗ്‌നിശമനാ സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.തൂത്തുക്കുടി ജില്ലയിലെ കുരങ്ങണി സ്വദേശി പരിമള (56), തൂത്തുക്കുടി എട്ടയപുരം താലൂക്ക് പെരിലോവന്‍പട്ടിയില്‍ ശരണ്യ (27) എന്നിവരാണ് മരിച്ചത്.
ഹോസ്റ്റല്‍ വാര്‍ഡനും പഴങ്ങാനത്തം തണ്ടല്‍ക്കാരന്‍പട്ടി സ്വദേശിയുമായ പുഷ്പ (58) ദേഹത്ത് 45 ശതമാനം പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.സംഭവം നടന്ന ഹോസ്റ്റല്‍ ലൈസന്‍സ് പുതുക്കിയിട്ടില്ലെന്നും സുരക്ഷാ സംവിധാനങ്ങള്‍ കുറവാണെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഹോസ്റ്റല്‍ നടത്തുന്ന ഇന്‍ബ ജഗദീശര്‍ എന്ന വ്യക്തിയെ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് പറഞ്ഞു.