ബംഗളൂരു: സ്ത്രീ സുരക്ഷക്ക് പ്രാമുഖ്യം നൽകി രൂപകൽപന ചെയ്‌ത സ്മാർട്ട് ബസ്സ്റ്റോപ് ബംഗളൂരു കോറമംഗലയിൽ ഉദ്ഘാടനം ചെയ്തു.24 മണിക്കൂറും സി.സി.ടി.വി കാമറ നിരീക്ഷണത്തിനു പുറമെ, പാനിക് ബട്ടൺ സൗകര്യവും ബസ്സ്റ്റോപ്പിലുണ്ട്. സാനിറ്ററി പാഡ് വെൻഡിങ് മെഷീനാണ് മറ്റൊരു പ്രത്യേകത. കോറമംഗല ആഡുഗൊഡി റോഡിൽ സ്ഥാപിച്ച ബസ്സ്റ്റോപ് മുൻ ബി.ബി.എം.പി മേയർ മഞ്ജുനാഥ റെഡ്ഡി ഉദ്ഘാടനം ചെയ്തു.
ബസ്സ്റ്റോപ്പിൽ സ്ഥാപിച്ച സി.സി.ടി.വി പ്രദേശത്തെ പൊലീസ സ്റ്റേഷൻ്റെ നിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുക. പാനിക് ബട്ടൺ വഴി അപായ സന്ദേശം പൊലീസ് സ്റ്റേഷനിൽ ലഭിക്കുകയും പൊലീസ് ഉടൻ സംഭവസ്ഥലത്തെത്തുകയും ചെയ്യും. സാനിറ്ററി പാഡ് വെൻഡിങ് മെഷീനിൽ ക്യൂ.ആർ കോഡ് ഉപയോഗിച്ച് പണമടക്കാനുള്ള സംവിധാനവുമുണ്ട്.
മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ ചാർജ് ചെയ്യാനുള്ള ചാർജിങ് പോട്ടുകളും ബസ്സ്റ്റോപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്. സാപിയൻസ് ടെക്നോളജീസിന്റെ സഹകരണത്തോടെ ശിൽപ ഫൗണ്ടേഷനാണ് ബസ്സ്റ്റോപ് ഒരുക്കിയത്. ബംഗളൂരു നഗരത്തിലെ മൂന്നാമത് സ്മാർട്ട് ബസ്സ്റ്റോപ്പാണ് കോറമംഗല ആഡുഗൊഡി റോഡിൽ തുറന്നത്.കാടുബീസനഹള്ളിയിലും നൃപതുംഗ റോഡിലും നേരത്തേ സ്മാർട്ട് ബസ്സ്റ്റോപ്പുകൾ ഒരുക്കിയിരുന്നു.