
മുംബൈ: ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് വ്യാഴാഴ്ച ബോംബെ ഹൈകോടതി ജാമ്യം നല്കിയപ്പോള് കോടതി പരിസരത്ത് താരമായി മാറിയത് ഒരു മോഷ്ടാവായിരുന്നു.ആര്യന് ഖാനോടൊപ്പം സെല്ലില്‍ കഴിഞ്ഞുവെന്ന് അവകാശപ്പെട്ട 44കാരനായ ശ്രാവണ്‍ നാടാര്‍ എന്നയാളാണ് ശ്രദ്ധാകേന്ദ്രമായി മാറിയത്. ആര്യന് ഖാന്റെ ജയില്‍ ജീവിതത്തെ കുറിച്ച് ‘എക്സ്ക്ലുസീവ്’ വിവരങ്ങളുമായി ചാനലുകളില്‍ നിറഞ്ഞതോടെ പൊലീസ് വീണ്ടും ഇയാളെ തേടിയെത്തി. തമിഴ്നാട് സ്വദേശിയായ ശ്രാവണ്‍ നാടാര്‍ മോഷണക്കേസില്‍ അറസ്റ്റിലായാണ് ആര്‍തര്‍ റോഡ് ജയിലിലെത്തിയത്. ആര്യന് ഖാന് ഉള്‍പ്പെടെ മയക്കുമരുന്ന് കേസിലെ പ്രതികളെയും ഇതേ ജയിലിലായിരുന്നു പാര്‍പ്പിച്ചത്. ആര്യന് കഴിഞ്ഞ ഒന്നാം നമ്ബര്‍ ബാരക്കിലാണ് ശ്രാവണ്‍ നാടാറും ഉണ്ടായിരുന്നത്. 10 ദിവസത്തിന് ശേഷം നാടാര്‍ക്ക് ജാമ്യം കിട്ടി പുറത്തിറങ്ങുകയും ചെയ്തു.വ്യാഴാഴ്ച ആര്യന് ഖാന് കോടതി ജാമ്യം നല്കിയപ്പോള് നാടാര്‍ കോടതിക്ക് പുറത്ത് എത്തിയിരുന്നു. എന്നാല്‍, നടപടിക്രമങ്ങള്‍ ബാക്കിയുള്ളതിനാല്‍ ആര്യന് അന്ന് പുറത്തിറങ്ങാനായില്ല. ഇതിനിടെയാണ് താന്‍ ആര്യന്റെ ജയില്‍ മേറ്റാണെന്ന കാര്യം ഇയാള്‍ വെളിപ്പെടുത്തിയത്. ആര്യനെ കാണാനെത്തിയതാണെന്നും പറഞ്ഞു. ഇതോടെ, മാധ്യമങ്ങള്‍ക്ക് മുന്നില്‍ ശ്രാവണ്‍ നാടാര്‍ താരമായി മാറുകയായിരുന്നു.
ആര്യന് ഖാനും താനും ഒരുമിച്ചായിരുന്നെന്നും ജയിലിനകത്ത് ആര്യന് പൊട്ടിക്കരയുന്നത് കണ്ടിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. ജയിലില്‍ വെച്ച് ആര്യന്റെ മുടി വെട്ടിയിട്ടുണ്ട്. പുറത്തിറങ്ങിയാല്‍ പോയി പിതാവായ ഷാരൂഖ് ഖാനെ കാണണമെന്നും ജയിലിനകത്തേക്ക് പണം കൊടുത്തയക്കണമെന്നും ആര്യന് തന്നോട് ആവശ്യപ്പെട്ടിരുന്നതായും ഇയാള്‍ പറഞ്ഞു. ഇതുപ്രകാരം താന്‍ ആര്യന്റെ വീടായ മന്നത്തില്‍ പോയി ആര്യന് പറഞ്ഞ കാര്യം അറിയിച്ചെങ്കിലും സെക്യൂരിറ്റി ജീവനക്കാര്‍ തന്നെ അകത്തുകടത്തിയില്ലെന്നും ഇയാള്‍ പറഞ്ഞു. ഇതോടെ നിരവധി ചാനലുകളിലാണ് ശ്രാവണ്‍ നാടാറിന്റെ അഭിമുഖം വന്നത്.ആര്യനും നാടാറും ഒരേ ബാരക്കിലായിരുന്നു കഴിഞ്ഞതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന് സ്ഥിരീകരിച്ചു. എന്നാല്‍, പണം നല്കാന് ആര്യന് ഇയാളെ പറഞ്ഞേല്‍പ്പിച്ചുവെന്നത് വിശ്വസനീയമല്ലെന്നും പണം തട്ടാനുള്ള നീക്കമാണെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു.
മോഷണവും പിടിച്ചുപറിയും ഉള്‍പ്പെടെ 13 കേസുകള്‍ നാടാര്‍ക്കെതിരെയുണ്ടായിരുന്നു. ഇതിലൊരു കേസിലാണ് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞത്. ജുഹു പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മൂന്ന് മോഷണ കേസുകള്‍ ഉണ്ടായിരുന്നു. എട്ട് മാസമായി ജുഹു പൊലീസ് ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. ഈ സമയത്താണ് ആര്യനെ കുറിച്ചുള്ള അഭിമുഖങ്ങളുമായി ഇയാള്‍ ചാനലുകളില്‍ നിറഞ്ഞത്. ഇതോടെ ജുഹു പൊലീസ് ഇയാളെ കണ്ടെത്തി വീണ്ടും അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ശ്രാവണ്‍ നാടാറിനെ നവംബര്‍ ഒന്നു വരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.