ന്യൂഡെല്‍ഹി:( 09.03.2022) മെഡികല്‍ ബിരുദ പ്രവേശന പരീക്ഷയായ നീറ്റ്-യുജിയില്‍ പങ്കെടുക്കുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധി എല്ലാവര്‍ക്കും ഒഴിവാക്കിയതായി രാജ്യത്തെ മെഡികല്‍ വിദ്യാഭ്യാസത്തിന്റെ ഉന്നത റെഗുലേറ്ററി ബോഡിയായ നാഷനല്‍ മെഡികല്‍ കമീഷന്‍ അറിയിച്ചു.നേരത്തെ ജനറല്‍ വിഭാഗക്കാര്‍ക്ക് 25 വയസും സംവരണ വിഭാഗക്കാര്‍ക്ക് 30 വയസുമായിരുന്നു പ്രായപരിധി. എംബിബിഎസ്, ബിഡിഎസ്, മറ്റ് ചില അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഇന്‍ഡ്യയിലെ ഏക പ്രവേശന പരീക്ഷയാണ് നീറ്റ്. ഓരോ വര്‍ഷവും 15 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നു.സുപ്രീം കോടതിയുടെ വിധിക്കായി കാത്തിരിക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാണ് ഈ നീക്കം. 2019-ല്‍ എന്‍എംസി ബിരുദ പരീക്ഷയ്ക്ക് 25 വയസ് എന്ന ഉയര്‍ന്ന പ്രായപരിധി ഏര്‍പെടുത്തിയിരുന്നു. ഇതിനെ വിദ്യാര്‍ഥികള്‍ എതിര്‍ക്കുകയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. വിഷയം അനിശ്ചിതത്വത്തിലായതിനാല്‍ അപേക്ഷകരെ പരീക്ഷ എഴുതാന്‍ അനുവദിച്ചു. ഉയര്‍ന്ന പ്രായപരിധി എന്ന വ്യവസ്ഥയാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. ഫലത്തില്‍, ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. അതനുസരിച്ച്, പരീക്ഷാ വര്‍ഷം ഡിസംബര്‍ 31 വരെ 18 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് പരീക്ഷ എഴുതാന്‍ അര്‍ഹതയുണ്ട്.നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് അയച്ച കത്തില്‍, യോഗ്യത പരിഷ്കരിക്കാനും അതില്‍ നിന്ന് ഉയര്‍ന്ന പ്രായപരിധി ഒഴിവാക്കാനും എന്‍എംസി ആവശ്യപ്പെട്ടിരുന്നു. 2022 ഒക്‌ടോബര്‍ 21 ന് ചേര്‍ന്ന കമീഷന്റെ നാലാമത് യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് എന്‍എംസി കത്തില്‍ അറിയിച്ചു. എന്‍ ടി എ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ല്‍ ഉടന്‍ തന്നെ നീറ്റ് 2022 വിജ്ഞാപനം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരീക്ഷയുടെ രജിസ്ട്രേഷന്‍ ഈ മാസം അവസാനം ആരംഭിക്കുമെന്നാണ് അറിയുന്നത്.