കോഴിക്കോട്: ( 02.10.2021) പോലൂരിലെ വീട്ടില്‍ നിന്ന് വലിയ വലിയ മുഴക്കത്തോടെ കേട്ട അജ്ഞാതശബ്ദത്തിന്റെ ഉറവിടം കണ്ടെത്തി. വീട്ടില്‍ അജ്ഞാതശബ്ദം കേള്‍ക്കുന്നതിന് കാരണം സോയില്‍ പൈപിങ് കുഴലീകൃത മണ്ണൊലിപ്പാണെന്ന് ഭൗമശാസ്ത്ര വകുപ്പ് വ്യക്തമാക്കി. സ്ഥലത്ത് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ സഹായത്തോടെയാണ് ഇതിന് പിന്നിലെ കാരണം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തും. പോലൂര്‍ ക്ഷേത്രത്തിന് സമീപം തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലാണ് രണ്ടാഴ്ചയില്‍ അധികമായി മുഴക്കം കേള്‍ക്കുന്നത്.
വീട് നില്‍ക്കുന്ന പറമ്ബിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം തറക്ക് അടിയിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. ഭൂമിക്കടിയിലൂടെ വെള്ളം ഒഴുകുകയും മണ്ണൊലിപ്പ് ഉണ്ടാവുകയും ചെയ്യുന്നത് ശബ്ദത്തിന് കാരണമാവാം എന്നാണ് നിഗമനം. വെള്ളിയാഴ്ച്ച രാവിലെയും സംഘം വീട്ടിലെത്തി പരിശോധിച്ച ശേഷം കണ്ടെത്തലുകള്‍ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പിച്ചു.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലത്താണോ വീടിന്റെ നിര്‍മ്മാണം എന്നും പരിശോധിച്ചു. ഭൗമശാസ്ത്രജ്ഞന്‍ ജി ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. സ്ഥലം എംഎല്‍എയും വനം വകുപ്പ് മന്ത്രിയുമായ എ കെ ശശീന്ദ്രന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് റവന്യൂ മന്ത്രി വിദഗ്ദ സംഘത്തെ അയച്ചത്. സംസ്ഥാന എമര്‍ജന്‍സി ഓപെറേഷന്‍ സെന്ററിലെ ഹസാര്‍ഡ് റിസ്‌ക് അനലിസ്റ്റ് പ്രദീപ് ജി എസ്, ജിയോളജി ഹസാര്‍ഡ് അനലിസ്റ്റ് അജിന്‍ ആര്‍ എസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. മുഴക്കത്തിന്റെ കാരണം കണ്ടെത്താന്‍ കൂടുതല്‍ സര്‍വേ ആവശ്യമാണ്.