ബെംഗളുരു • തുമക്കൂരു റോഡിനെ ഹൊസൂർ റോഡുമായി ബന്ധിപ്പിക്കുന്ന 8 വരി പെരിഫറൽ റിങ് റോഡ് പദ്ധതിയുടെ ടെൻഡർ നടപടികൾക്ക് മന്ത്രിസഭാ യോഗം ഉടൻ അനുമതി നൽകിയേക്കും. നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുപ്പ് ഊർജിതമാക്കാൻ ബെംഗളൂരു വികസന അതോറിറ്റിക്ക് (ബിഡിഎ) കഴിഞ്ഞ ദിവസം സുപ്രീം കോടതി നിർദേശം നൽകിയതിനെ തുടർന്നാണിത്.
21,091 കോടി രൂപ ചെലവിട്ടുള്ള 73 കിലോമീറ്റർ പെരിഫറൽ റിങ് റോഡ് പദ്ധതി നിർമാണം ഊർജീതമാക്കാമെന്ന് കർണാടക സർക്കാരും കോടതിക്ക് ഉറപ്പു നൽകിയിട്ടുണ്ട്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇതു നിർമിക്കുന്നത്. ഇതിനായി ബി ഡിഎ തയാറാക്കിയ ടെൻഡറിന്സ tർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്. പെരിഫറൽ റിങ് റോഡ് കരാറുകാർക്ക് 30-50 വർഷം വരെ ടോൾ പിരിക്കാൻ സർക്കാർ അനുമതി നൽകിയേക്കും.
ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയിൽ തീർപ്പാകാത്തതിനെ തുടർന്നാണ് കരാർ നടപടികൾ വൈകിയതെന്ന് ചെയർമാൻ എസ്.ആർ.വിശ്വനാഥ് എംഎൽഎ പറഞ്ഞു. ഈ തടസ്സം ഒഴിവായതോടെ ഉടൻ ടെൻഡർ നടപടികൾ പൂർത്തായാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2007ലാണ് പദ്ധതി നിർദ്ദേശവുമായി ബിഡിഎ രംഗത്തുവന്നത്. ഇതിനായി 1,810 ഏക്കർ ഭൂമി വിജ്ഞാപനം ചെയ്തിരുന്നു. എന്നാൽ റോഡിന്റെ അലൈൻമെന്റ് മാറ്റേണ്ടി വന്നതിനാൽ 750 ഏക്കർ ഭൂമി കൂടി അധികമായി വേണ്ടി വന്നു. ഇതിനെ ചോദ്യം ചെയ്തുള്ള ഹർജികളിന്മേലാണ് സുപ്രീം കോടതി തീർപ്പു കൽപിച്ചിരിക്കുന്നത്.