ബെംഗളൂരു: പ്രസവിക്കാൻ 3 മാസം ബാക്കിയുള്ള ഗർഭിണികൾക്കു ഫെബ്രുവരി അവസാനം വരെ വീട്ടിലിരുന്നു ജോലി ചെയ്യാൻ അവസരം നൽകണമെന്ന് സർക്കാരിനോട് കോവിഡ് സാങ്കേതിക സമിതി ആവശ്യപ്പെട്ടു. ഗർഭിണികൾക്കു പുറമേ അർബുദം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിവയ്ക്കു ചികിത്സ തേടിയവരും മറ്റു ജീവിത ശൈലീ രോഗമുള്ളവരുമായ സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഇളവ് അനുവദിക്കണമെന്നാണു നിർദേശം.
ഒമിക്രോൺ ഭീഷണി നേരിടുന്ന രാജ്യങ്ങൾ ഉൾപ്പെടെയുള്ളവയിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിക്കുന്നവർക്കു ലക്ഷണങ്ങളില്ലെങ്കിൽ, ആശുപത്രിവാസവും പൊതു ക്വാറന്റിനും 10 ദിവസത്തിൽ നിന്ന് 5 ആയി ചുരുക്കാനും സമിതി നിർദേശിച്ചു. ബജറ്റ് ഹോട്ടലുകളും നക്ഷത്ര ഹോട്ടലുകളും വിദേശയാത്രക്കാരെ ക്വാറന്റീൻ ചെയ്യാനായി ഒരുക്കാം.