ലോകത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ വെച്ച് ഏറ്റവും ഉയരമുള്ള വനിത ആരാണെന്ന് അറിയുമോ? അത് തുര്‍ക്കിക്കാരിയായ റുമെയ്‌സാ ഗെല്‍ഗിയാണ്. 24കാരിയായ റുമെയ്‌സയുടെ ഉയരം, 7 അടി 0.7 ഇഞ്ചാണ്. എന്നാല്‍, ഇവരുടെ ഈ ഉയരം സ്വാഭാവികമായുള്ള ശാരീരിക അവസ്ഥയില്‍ ഉണ്ടായതല്ല. ഇത് ഒരു രോഗാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. വീവര്‍ സിന്‍ഡ്രോമുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്ക് ഇത്രയും ഉയരം വച്ചത്. എന്നാല്‍ ഗിന്നസ് ലോക റെക്കോഡ് ജേതാവ് കൂടിയാണ് റുമെയ്‌സ.
ഗിന്നസ് റെക്കോഡ് അധികൃതര്‍ ഇന്‍സ്റ്റഗ്രാമില്‍ റുമെയ്‌സയുടെ ഒരു വീഡിയോ പങ്കു വെച്ചിരുന്നു. “ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ വനിത . . .” എന്നായിരുന്നു വീഡിയോയുടെ അടിക്കുറുപ്പ്. “വ്യത്യസ്തമായിരിക്കുക എന്നത് ഒരു മോശമായ കാര്യമല്ല. അത് ഒരു പക്ഷേ നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സ്വന്തമാക്കാനും നിങ്ങളെ സഹായിച്ചേക്കാം. ഇത് ഇപ്പോള്‍ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നു! 215.16 സെന്റീമീറ്റര്‍ (7 അടി .7 ഇഞ്ച്) ഉയരമുള്ള തുര്‍ക്കി സ്വദേശി റുമെയ്‌സ ഗെല്‍ഗിയാണ് ലോകത്തിലെ ഏറ്റവും പൊക്കമുള്ള വനിത.” എന്നാണ് ഗിന്നസ് റെക്കോര്‍ഡ് അധികൃതര്‍ പങ്കുവച്ച വീഡിയോ വ്യക്തമാക്കുന്നത്. 3.6 ആറു ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ കണ്ടത്. പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ റുമെയ്‌സക്ക് ഐക്യദാര്‍ഢ്യവും പ്രചോദനവും അറിയിച്ച് നിരവധി ആശംസകളാണ് എത്തുന്നത്.
2014ല്‍ ഏറ്റവും ഉയരമുള്ള യുവതിയെന്ന അംഗീകാരം റുമെയ്‌സ നേടിയിരുന്നു. അന്ന് റുമെയ്‌സയ്ക്ക് പതിനെട്ട് വയസ്സായിരുന്നു പ്രായം. ഉയരക്കൂടുതല്‍ കാരണം റുമെയ്‌സ പലവിധത്തിലുള്ള ശാരീരിക വെല്ലുവിളികള്‍ നേരിടുന്നുണ്ട്. നടക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന റുമെയ്‌സ വീല്‍ചെയറിന്റെ സഹായത്താലാണ് നടക്കുന്നത്. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുന്നതിനായി റുമെയ്‌സയ്ക്ക് അരികില്‍ സഹായത്തിനായി എപ്പോഴും ഒരു സഹായി ഉണ്ടാകും.