തൊടുപുഴ: ടൂറിസത്തിന് പുത്തന്‍ ഉണര്‍വ് നല്കി സംസ്ഥാനത്തെ ആദ്യ കാരവന് പാര്‍ക്കിന്റെ ഉദ്ഘാടനം വാഗമണ്ണില്‍. വെള്ളിയാഴ്ച രാവിലെ 10ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. കേരളത്തിന്റെ മനോഹരമായ കുന്നും കാടും കടലും കായലും എല്ലാം ഇനി സഞ്ചരിച്ചുകൊണ്ട് കാണാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. സ്വകാര്യ സംരംഭ സഹകരണത്തോടെയാണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് കാരവന് കേരള പദ്ധതി നടപ്പാക്കുന്നത്. സ്ക്രീനില്‍ മാത്രം കണ്ട് പരിചയമുള്ള കാരവനുകള്‍ കേരള ടൂറിസത്തിന്റെ ഭാഗമാകുന്നത് ടൂറിസം മേഖലക്ക് കൂടുതല്‍ സാധ്യതകള്‍ തുറക്കുമെന്നാണ് കരുതുന്നത്.
ആദ്യ 100 കാരവന് പാര്‍ക്കുകള്‍ക്കായി 67 സ്ഥാപനങ്ങള്‍ മുന്നോട്ട് വന്നുകഴിഞ്ഞു. ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എല്ലാ അവശ്യ ഉപകരണങ്ങളോടും കൂടിയ അടുക്കള, ഷവര്‍ സൗകര്യമുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി തുടങ്ങിയ സൗകര്യങ്ങളുള്ള കാരവനുകളാണ് ഒരുക്കുന്നത്.
അധികമാരും എത്തിപ്പെടാത്ത പ്രകൃതിയോടിണങ്ങിയ സ്ഥലങ്ങളിലാണ് കാരവന് പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുന്നത്. 50 സെന്റ് ഭൂമിയാണ് കാരവന് പാര്‍ക്കുകള്‍ക്ക് ആവശ്യമായ ചുരുങ്ങിയ സ്ഥലം. ആദ്യ 100 കാരവന് അപേക്ഷകര്‍ക്ക് 7.5 ലക്ഷം രൂപ അല്ലെങ്കില്‍ നിക്ഷേപത്തുകയുടെ 15 ശതമാനം, അടുത്ത 100 പേര്‍ക്ക് യഥാക്രമം അഞ്ചു ലക്ഷം, അല്ലെങ്കില്‍ 10 ശതമാനം, അടുത്ത 100 പേര്‍ക്ക് 2.5 ലക്ഷം രൂപ അല്ലെങ്കില്‍ അഞ്ചു ശതമാനം എന്നിങ്ങനെ സബ്സിഡി വിനോദസഞ്ചാര വകുപ്പ് നല്‍കുന്നുണ്ട്.