ബംഗളൂരു : കര്‍ണാടകയിലെ മൈസൂരുവിലെ ബസ് സ്റ്റോപ്പില്‍ സ്ഥാപിച്ചിരുന്ന വിവാദ താഴികക്കുടം ഞായറാഴ്ച രാത്രി അപ്രത്യക്ഷമായി.
പള്ളിയുമായി സാദൃശ്യമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ക്കുമെന്ന് ബിജെപി എം പി പ്രതാപ് സിംഹ ഭീഷണി ഉയര്‍ത്തിയിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഒരു വലിയ താഴികക്കുടത്തിന് ഇരുവശത്തുമായി ചെറിയ രണ്ട് താഴികക്കുടം നിര്‍മ്മിച്ചതാണ് ബി ജെ പി എം പിയെ പ്രകോപിപ്പിച്ചത്. നിശ്ചിത സമയത്തിനകം നിര്‍മ്മിതി മാറ്റിയില്ലെങ്കില്‍ പൊളിക്കുമെന്നാണ് എം പി അറിയിച്ചത്. ഇത് സംബന്ധിച്ച് ഇദ്ദേഹം വിശദീകരണം നല്‍കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസും നല്‍കിയിരുന്നു.
അതേസമയം ബസ് സ്റ്റോപ്പ് വിവാദമാക്കേണ്ടതില്ലെന്നാണ് ബി ജെ പി എം എല്‍ എ രാംദാസ് അഭിപ്രായപ്പെട്ടത്. മൈസൂരുവിലെ പന്ത്രണ്ടിടത്ത് കൊട്ടാരങ്ങളുടെ മാതൃകയില്‍ താന്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കാനാണ് തീരുമാനമെന്നും, എന്നാല്‍ അതിന് വര്‍ഗീയ നിറം നല്‍കിയത് വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ചെറിയ രണ്ട് താഴികക്കുടങ്ങള്‍ എടുത്ത് മാറ്റി. അത് വികസന താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയാണെന്നും രാംദാസ് പറഞ്ഞു. അതേസമയം രണ്ട് താഴികക്കുടങ്ങളും പൊളിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ മുന്നറിയിപ്പ് നല്‍കിയത്.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലെ താഴികക്കുടങ്ങള്‍ അപ്രത്യക്ഷമായതിന് ശേഷവും പ്രതാപ് സിംഹ ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘മദ്ധ്യത്തില്‍ ഒരു വലിയ താഴികക്കുടവും പരസ്പരം അടുത്ത് രണ്ട് ചെറിയ താഴികക്കുടങ്ങളും ഉണ്ടെങ്കില്‍ അത് ഒരു പള്ളിയാണ്, ജില്ലാ കളക്ടര്‍ക്കും യാഥാര്‍ത്ഥ്യം മനസിലാക്കി ജനഹിതത്തിന് മുന്നില്‍ തലകുനിച്ച രാംദാസ് ജിക്കും നന്ദി’ യെന്നാണ് എം പിയുടെ ട്വീറ്റ്.
ഫോട്ടോ എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് നാല് പെണ്‍കുട്ടികള്‍ മരിച്ചു
ബെലഗാവി : കര്‍ണാടകയിലെ ബെലഗാവിക്ക് സമീപമുള്ള കിത്വാഡ് വെള്ളച്ചാട്ടത്തില്‍ വീണ് നാല് പെണ്‍കുട്ടികള്‍ മരണപ്പെട്ടു.
ശനിയാഴ്ച രാവിലെയാണ് സംഭവം. നാല് പെണ്‍കുട്ടികളും സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം എന്നാണ് റിപ്പോര്‍ട്ട്. ബെലഗാവിയിലെ കാമത്ത് ഗല്ലിയിലെ ഒരു മദ്രസയില്‍ നിന്നുള്ളവരാണ് നാല് പെണ്‍കുട്ടികളെന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് പറയുന്നത്.
ശനിയാഴ്ച രാവിലെ കിത്വാഡ് വെള്ളച്ചാട്ടത്തില്‍ 40 ഓളം പെണ്‍കുട്ടികള്‍ വിനോദയാത്രയ്ക്ക് പോയെന്നും സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് പെണ്‍കുട്ടികള്‍ വെള്ളച്ചാട്ടത്തിലേക്ക് തെന്നി വീഴുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. അഞ്ചുപേരില്‍ ഒരു പെണ്‍കുട്ടിയെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ബെലഗാവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റിയെങ്കിലും മറ്റ് നാല് പെണ്‍കുട്ടികളെ രക്ഷിക്കാനായില്ല.
സംഭവത്തെത്തുടര്‍ന്ന് വന്‍ ജനക്കൂട്ടം ആശുപത്രിക്ക് സമീപം തടിച്ചുകൂടുകയും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് ആശുപത്രി പരിസരത്ത് അധിക സേനയെ വിന്യസിക്കുകയും ചെയ്തു.സ്ഥിതിഗതികള്‍ നേരിട്ട് നിയന്ത്രിക്കാന്‍ ബെലഗാവി ജില്ലാ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ രവീന്ദ്ര ഗദാദി ആശുപത്രിയിലെത്തിയിരുന്നു.
കിത്വാഡ് വെള്ളച്ചാട്ടം മഹാരാഷ്ട്രയിലേക്ക് വരുന്നതിനാല്‍, പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ മഹാരാഷ്ട്ര പോലീസിന്റെ സമ്മതത്തിനായി കര്‍ണാടക പോലീസ് കാത്തിരിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നു. മഹാരാഷ്ട്രയിലെ ചന്ദ്ഗഡ് പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജൂലൈയില്‍ കര്‍ണാടകയിലെ നീര്‍സാഗര്‍ റിസര്‍വോയറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ 22കാരന്‍ തെന്നിവീണ് മരണപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് നീര്‍സാഗര്‍ റിസര്‍വോയറില്‍ വിനോദസഞ്ചാരികളെ പൊലീസ് വിലക്കിയിരുന്നു.