നീമുച്ച് (മധ്യപ്രദേശ്): ഹിന്ദു മതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ മുഖംമൂടി ധരിച്ച സംഘം മുസ്ലിം പള്ളി തകര്‍ത്തു.
നീമുച്ച് ജില്ലയിലെ ജവാദ് തഹ്സിലിലാണ് സംഭവം. സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് തകര്‍ത്തത്. ശനിയാഴ്ച രാത്രി 11നു തുടങ്ങിയ ആക്രമണം പുലര്‍ച്ച മൂന്നി നാണ് അവസാനിപ്പിച്ചത്. പള്ളി മതപരിവര്‍ത്തന കേന്ദ്രമാണെന്ന് ആരോപിച്ചുള്ള ലഘുലേഖ സ്ഥലത്ത് ഉപേക്ഷിച്ചാണ് ആക്രമികള്‍ മടങ്ങിയത്.
സംഭവത്തില്‍ പരിക്കേറ്റ അബ്ദുറസാഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളി ഇമാം നൂര്‍ ബാബക്കും പരിക്കുണ്ട്. നൂര്‍ ബാബയുടെ പരാതിയില്‍ 24 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എസ്.പി പറഞ്ഞു. കാടിനോട് ചേര്‍ന്ന് വിജനസ്ഥലത്താണ് പള്ളി. സംഭവം വിവരിക്കുന്ന ഇമാം നൂര്‍ ബാബയുടെ വിഡിയോയില്‍ അദ്ദേഹത്തിെന്റ ഒരു കാലില്‍ ബാന്‍ഡേജിട്ട നിലയിലാണ്. നൂര്ബാബയെയും അബ്ദുറസാഖിനെയും ആക്രമികള്‍ കെട്ടിയിട്ട് മര്‍ദിച്ചതായി റസാഖിെന്റ ഭാര്യ പറയുന്നതും വിഡിയോയിലുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നീമുച്ചില്‍ മാര്‍ച്ച് നടത്തിയ മുസ്ലിം സംഘടനകള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് നിവേദനം നല്കി.