മംഗളുറു: സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി അദാനി ഗ്രൂപ് ലേലത്തില്‍ പിടിച്ച മംഗളുറു, ലക്നൗ, അഹ് മദാബാദ് വിമാനത്താവളങ്ങള്‍ക്ക് നല്‍കിയത് യഥാര്‍ഥ ആസ്തി തുകയേക്കാള്‍ വളരേ കുറവാണെന്ന് ആരോപണം. എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്‍ഡ്യ നിശ്ചയിച്ച പ്രകാരം ഈ മൂന്ന് വിമാനത്താവളങ്ങള്‍ക്ക് 1330 കോടി രൂപ നല്‍കേണ്ടതുള്ളപ്പോള്‍ 499.84 കോടി രൂപ മാത്രമാണ് അദാനി ഗ്രൂപിന് അടക്കേണ്ടി വന്നതെന്ന് എയര്‍പോര്‍ട് അതോറിറ്റി എംപ്ലോയീസ് യൂനിയന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആരോപിച്ചു.
അദാനി ഗ്രൂപ് 2019 ല്‍ അഹ് മദാബാദ്, ലക്നൗ, ജയ്പൂര്‍, മംഗളുറു, ഗുവാഹത്തി, തിരുവനന്തപുരം എന്നീ ആറ് വിമാനത്തവാളങ്ങള്‍ ലേലത്തില്‍ സ്വന്തമാക്കിയിരുന്നു. പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍കാര്‍ സമിതിയായ പി പി പി എ സിയുടെ അനുമതി നേടിയാണ് 1,330 കോടിയുടെ മൂല്യം വിമാനത്താവളങ്ങള്‍ക്ക് നിശ്ചയിച്ചത്.
മംഗളുറു വിമാനത്താവളത്തിന് 363 കോടി രൂപയും ലക്നൗവിന് 583 കോടി രൂപയും അഹ് മദാബാദിന് 384 കോടി രൂപയുമാണ് ആസ്തി നിശ്ചയിച്ചിരുന്നത്. എന്നാല്‍ മംഗ്ളൂറിന് 74.5 കോടി രൂപയും (288.5 കോടി രൂപയുടെ കുറവ്), ലക്നൗവിന് 147.93 കോടി രൂപയും (435.07 കോടി രൂപ കുറവ്), അഹ് മദാബാദിന് 277.41 കോടി രൂപയും (106.59 കോടി രൂപ കുറവ്) മാത്രമാണ് അദാനി ഗ്രൂപ് നല്‍കിയതെന്ന് കത്തില്‍ പറയുന്നു. അദാനിക്ക് അനാവശ്യ ആനുകൂല്യം നല്‍കിയിട്ടുണ്ടെന്ന് യൂനിയന്‍ പറഞ്ഞു.