Home Featured ടിപ്പുവിനെ കുറിച്ച പാഠഭാഗം നീക്കേണ്ടതില്ലെന്ന് പാഠപുസ്തക പുനഃപരിശോധന സമിതി

ടിപ്പുവിനെ കുറിച്ച പാഠഭാഗം നീക്കേണ്ടതില്ലെന്ന് പാഠപുസ്തക പുനഃപരിശോധന സമിതി

ബംഗളൂരു: 18ാം നൂറ്റാണ്ടിലെ മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താനെ കുറിച്ചുള്ള പാഠഭാഗം നീക്കേണ്ടതില്ലെന്ന് കര്‍ണാടക പാഠപുസ്തക പുനഃപരിശോധന സമിതിയുടെ റിപ്പോര്‍ട്ട്.ടിപ്പുവിനെ കുറിച്ചുള്ള വര്‍ണനകള്‍ കുറച്ച്‌ പാഠഭാഗം നിലനിര്‍ത്താമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശം.

വടക്കുകിഴക്കന്‍ മേഖലയില്‍ 600 വര്‍ഷത്തോളം ഭരണം നടത്തിയ അഹോം രാജവംശത്തെ കുറിച്ചും കശ്മീര്‍ താഴ്വരയിലെ കര്‍കോട്ട രാജവംശത്തെ കുറിച്ചും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്നും എഴുത്തുകാരന്‍ രോഹിത് ചക്രതീര്‍ഥ അധ്യക്ഷനായ സമിതി നിര്‍ദേശിച്ചു.ഭരണാധികാരിയെന്ന നിലയില്‍ ടിപ്പുവിനെ പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കാനാവില്ലെന്നും എന്നാല്‍, ടിപ്പുവിനെ പര്‍വതീകരിക്കുന്ന രീതിയില്‍ ചിത്രീകരിക്കാനാവില്ലെന്നുമാണ് സമിതിയുടെ നിലപാട്.

കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ കാലത്ത് പ്രഫ. ബേഗൂര്‍ രാമചന്ദ്രപ്പയുടെ നേതൃത്വത്തിലുള്ള പാഠപുസ്തക സമിതി തയാറാക്കിയ പുസ്തകത്തില്‍ ടിപ്പുവിന് അമിത പ്രാധാന്യം നല്‍കിയിരുന്നതായും അത് ഇപ്പോള്‍ നീക്കുന്നതായുമാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചത്. ടിപ്പുവിനെ കുറിച്ച ഭാഗം സ്കൂള്‍ പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മടിക്കേരി ബി.ജെ.പി എം.എല്‍.എ അപ്പാച്ചു രഞ്ജന്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. കുടക് മേഖലയില്‍ ഹിന്ദുക്കളെ മതംമാറ്റാന്‍ ടിപ്പു ശ്രമിച്ചിരുന്നതായും ക്ഷേത്രങ്ങള്‍ തകര്‍ത്തതായും അദ്ദേഹം ആരോപണം ഉന്നയിച്ചു.സംഘ്പരിവാര്‍-ബി.ജെ.പി നേതാക്കളും സമാന ആവശ്യമുന്നയിച്ച്‌ രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ 2021 സെപ്റ്റംബര്‍ എട്ടിന് റിവ്യൂ പാനലിനെ നിശ്ചയിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group