ബെംഗളുരു : ബെംഗളുരുവിൽ അന്തരീക്ഷ താപനില കുത്തനെ ഉയരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാർച്ച് മാസത്തിലുണ്ടായ ഉയർന്ന താപനിലയാണ് കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്തത്.മുൻ ദിവസങ്ങളിൽ നഗരത്തിലെ ഏറ്റവും കൂടിയ താപനില 34.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ.വേനൽ മഴ ലഭിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ മോശമാകുമെന്നും കാലാവസ്ഥാ വിദഗ്ധർപറയുന്നു. താപനില 36 ഡിഗിരി കടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്തത്കൽബുർഗിയിലാണ്. 37.71 ഡിഗിരി സെൽഷ്യസാണ് കൽബുർഗിയിൽ റിപ്പോർട്ട് ചെയ്തത്. ഗദഗിൽ 35.4 ഡിഗ്രിയും ബെലഗാവിയിൽ 34.6 ഡിഗ്രിയുമാണ് കൂടിയ താപനില.
നഗരത്തിൽ ചൂട് കൂടുന്നുചൂട് വർധിച്ചതോടെ പാർക്കുകളിൽ എത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ചൂട് കുതിച്ചുയർന്നതോടെ നഗരത്തിലെ പാർക്കുകളിൽ വിശ്രമിക്കാൻ എത്തുന്നവരുടെ എണ്ണവും വർധിച്ചു. തണൽമരങ്ങൾ നിറഞ്ഞ കബ്ബൺ പാർക്കിൽ ഉച്ച നേരങ്ങളിൽ ഇരിപ്പിടങ്ങൾ നിറയുന്നതോടെ മരച്ചുവട്ടിൽ പോലും തിരക്കാണ്. പാർക്കിലെ ചെടികൾ നനയ്ക്കുന്ന സ്പ്രിക്ലറുകൾക്ക് ചുറ്റിലും പക്ഷികളുടെ കൂട്ടമാണ്. പക്ഷികൾക്ക് വെള്ളം കുടിക്കാനായി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പാർക്കിൽ പലയിടത്തായി പാത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
സൂര്യാഘാതത്തിന് സാധ്യതയേറെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അന്തരീക്ഷ താപനില കൂടുകയാണ്. കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല. അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലെ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയിരുന്നു. ചില ജില്ലകളിൽ നിന്നും ലഭിച്ച റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും നിർദേശം നൽകിയത്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും ഇതുമൂലം ശരീരത്തിൽ ഉണ്ടാകുന്ന താപംപുറത്തുകളയുന്നതിന് തടസ്സം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെയും തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം.
താപ ശരീര ശോഷണം സൂര്യാഘാതത്തേക്കാൾ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപ ശരീര ശോഷണം. കനത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടർന്ന് ഉണ്ടാകുന്ന അവസ്ഥയാണിത്. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദ്ദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങൾ. ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ താപശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.