ന്യൂഡൽഹി: ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പുതിയ ഫീച്ചറുമായി പ്രമുഖ സോഷ്യൽമീഡിയ ആയ ടെലിഗ്രാം. ഫോൺ നമ്ബർ വെളിപ്പെടുത്താതെ തന്നെ മറ്റുള്ളവരുമായി ആശയ വിനിമയം സാധ്യമാക്കുന്ന നോ സിം സൈൻ അപ്പ് ഫീച്ചറാണ് ടെലിഗ്രാം ഇന്ത്യയിൽ അവതരിപ്പിച്ചത്.വ്യക്തികൾ തമ്മിൽ മാത്രമല്ല, ഗ്രൂപ്പ് ഫോറങ്ങളിലും ഫോൺ നമ്ബർ വെളിപ്പെടുത്താതെ തന്നെ ആശയവിനിമയം നടത്താൻ പുതിയ ഫീച്ചർ വഴി സാധിക്കുമെന്ന് കമ്ബനി അറിയിച്ചു.
സിംകാർഡ് ഇല്ലാതെ തന്നെ ടെലിഗ്രാം അക്കൗണ്ട് തുടങ്ങാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ വേണ്ടിയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചതെന്നും കമ്ബനി വ്യക്തമാക്കി. ഉപയോക്താവിന്റെ സ്വകാര്യത കാത്തു സൂക്ഷിക്കാൻ സഹായിക്കുന്ന ബ്ലോക്ക് ചെയ്ൻ അനോണിമസ് നമ്ബറുകൾ ഉപയോഗിച്ച് ഉപയോക്താവിന് ലോഗിൻ ചെയ്യാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഇതിന് പുറമേ മറ്റു ചില ഫീച്ചറുകൾ കൂടി ടെലിഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. നിശ്ചിത സമയം മുൻകൂട്ടി സെറ്റ് ചെയ്ത് വച്ച് സന്ദേശങ്ങൾ സ്വമേധയാ തന്നെ ഡിലീറ്റ് ചെയ്ത് കളയാൻ സഹായിക്കുന്ന ഓട്ടോ ഡിലീറ്റ് ഓൾ ചാറ്റ്സ് ഫീച്ചറാണ് ഇതിൽ ഒന്ന്.
ഫോൺ നമ്ബർ കാണിക്കാതെ തന്നെ ക്യൂആർ കോഡ് വഴി ആളുകളുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന താത്കാലിക ക്യൂആർ കോഡ് സംവിധാനമാണ് മറ്റൊന്ന്. പ്രത്യേക വിഷയത്തിൽ ചർച്ച നടത്താൻ സഹായിക്കുന്ന ടോപ്പിക്സ് 2.0 ഫീച്ചറാണ് ടെലിഗ്രാം അവതരിപ്പിച്ച മറ്റൊരു ഫീച്ചർ.