ബെംഗളൂരു: ഹെബ്ബാളില്‍ പി.യു.സി പരീക്ഷയില്‍ പരാജയപ്പെട്ടതിനെത്തുടർന്ന് 17 വയസ്സുകാരി തനുശ്രീ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍.വ്യാഴാഴ്ച മനോരായണപാളയയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ മരണസമയവും പോലീസിനെ വിവരമറിയിച്ച സമയവും തമ്മിലുള്ള വലിയ വ്യത്യാസമാണ് സംശയങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരണം നടന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാല്‍ രാത്രി പത്ത് മണിയോടെ മാത്രമാണ് കുട്ടിയുടെ അമ്മ പോലീസിനെയും മറ്റ് ബന്ധുക്കളെയും വിവരം അറിയിച്ചത്. മരണം നടന്ന് ഏകദേശം ഒമ്പത് മണിക്കൂറോളം വിവരം മറച്ചുവെച്ചതില്‍ ദുരൂഹതയുണ്ടെന്ന് തനുശ്രീയുടെ പിതാവിന്റെ വീട്ടുകാർ ആരോപിക്കുന്നു.
പരീക്ഷാ പരാജയത്തെത്തുടർന്നുള്ള ആത്മഹത്യയാണെന്ന് അമ്മ മൊഴി നല്കുമ്പോഴും ഇത്രയും സമയം വൈകിയത് എന്തിനാണെന്നാണ് ഉയരുന്ന ചോദ്യം. രാത്രി പത്ത് മണിയോടെ അമ്മയും മറ്റ് നാല് പേരും ചേർന്നാണ് തനുശ്രീയെ കയറില്‍ നിന്ന് താഴെയിറക്കിയത്. ഇതിനുശേഷമാണ് പൊലീസിനെ വിളിക്കുന്നത്.മരണവിവരം റിപ്പോർട്ട് ചെയ്യുന്നതിലുണ്ടായ കാലതാമസവും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളും ഗൗരവമായാണ് പൊലീസ് കാണുന്നത്. ഹെബ്ബാള്‍ പൊലീസ് നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മരണത്തിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടോ എന്നും വീട്ടുകാരുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. കുടുംബാംഗങ്ങളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. പെണ്‍കുട്ടിയുടെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്.