Home കർണാടക കര്‍ണാടകയില്‍ കൗമാര ഗര്‍ഭധാരണങ്ങള്‍ വര്‍ധിക്കുന്നു: താലൂക്ക് തലത്തില്‍ നിര്‍ബന്ധ പരിശോധന

കര്‍ണാടകയില്‍ കൗമാര ഗര്‍ഭധാരണങ്ങള്‍ വര്‍ധിക്കുന്നു: താലൂക്ക് തലത്തില്‍ നിര്‍ബന്ധ പരിശോധന

by ടാർസ്യുസ്

ബെംഗളൂരു: കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഗർഭിണിയാകുന്ന കേസുകളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നിർബന്ധ പരിശോധന നടത്താൻ കർണാടക സർക്കാറിന്റെ നിർദേശം.കൗമാരക്കാരിലെ ഗർഭധാരണം ആവർത്തിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് 10-18 വയസ്സിനിടയിലുള്ള പെണ്‍കുട്ടികളിലുണ്ടാകുന്ന ഗർഭധാരണങ്ങളെപ്പറ്റി താലൂക്ക് ഹെല്‍ത്ത് ഓഫീസർ നിർബന്ധിത ഓഡിറ്റ് നടത്തണമെന്ന് ഉത്തരവില്‍ പറഞ്ഞു.താലൂക്ക് ഹെല്‍ത്ത് ഓഫീസർ ചെയർപേഴ്‌സണായി ഓഡിറ്റ് കമ്മിറ്റികള്‍ക്ക് രൂപംനല്‍കാൻ നിർദേശിച്ചു. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസർ മെമ്പർ സെക്രട്ടറിയാകണം.

ഹെല്‍ത്ത് ഇൻസ്പെക്ടർ, ആശ സൂപ്പർവൈസർ, അങ്കണവാടി സൂപ്പർവൈസർ, സ്കൂള്‍ പ്രതിനിധി എന്നിവർ കമ്മിറ്റിയില്‍ അംഗങ്ങളാകണം.കൗമാരക്കാർക്കിടയിലെ ബാലവിവാഹം, സ്കൂള്‍ പഠനം നിർത്തല്‍, സാമൂഹിക അരക്ഷിതാവസ്ഥ, ഇവർക്കുവേണ്ടി സർക്കാർ നടത്തുന്ന പദ്ധതികളിലെ പോരായ്മകള്‍ എന്നിവ തിരിച്ചറിയുന്നതിനുവേണ്ടിയുള്ള അവലോകനമാണ് ഓഡിറ്റിങ്ങിലൂടെ ലക്ഷ്യമിടുന്നത്. കൗമാരക്കാരിലുണ്ടാകുന്ന ഗർഭധാരണം ശ്രദ്ധയില്‍പ്പെട്ടാല്‍ കേന്ദ്ര ആരോഗ്യവകുപ്പിനു കീഴിലുള്ള റീപ്രൊഡക്ടീവ് ആൻഡ് ചൈല്‍ഡ് ഹെല്‍ത്തിന് വിവരം കൈമാറണമെന്നും നിർദേശിച്ചു.വിവാഹിതയായ പ്രായം, വിദ്യാഭ്യാസം, പ്രത്യുത്പാദന ആരോഗ്യത്തെക്കുറിച്ചുള്ള ബോധവത്കരണം, ഗർഭനിരോധനമാർഗങ്ങളോ കൗണ്‍സലിങ് സേവനങ്ങളോ ലഭ്യമായിരുന്നോ എന്ന കാര്യം, കുടുംബത്തിന്റെ സാമൂഹിക-സാമ്പത്തിക പരിതസ്ഥിതി, അരക്ഷിതാവസ്ഥ, ആരോഗ്യ-പോഷകാഹാര പദ്ധതികളില്‍ ഉള്‍പ്പെട്ടിരുന്നോയെന്ന കാര്യം തുടങ്ങിയവ ഓഡിറ്റിങ്ങിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം. എല്ലാ കേസുകളിലെയും നടപടികള്‍ രഹസ്യസ്വഭാവത്തോടെ കൈകാര്യംചെയ്യണമെന്നും ഉത്തരവില്‍ നിർദേശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group