ബെംഗളൂരു: ഏറ്റവും പ്രഗത്ഭരായ ഐടി ജീവനക്കാരാണ് ഇന്ത്യയിലെ മുന്‍നിര ടെക് കമ്പനികളില്‍ ജോലി ചെയ്യുന്നത്. ജോലിയില്‍ പ്രാഗത്ഭ്യം തെളിയിക്കുന്നവര്‍ക്ക് വിദേശത്തും ജോലി ചെയ്യാന്‍ അവസരം ലഭിക്കാറുണ്ട്.കമ്പനികള്‍ തന്നെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഇവരെ വിദേശത്തേക്കു കൊണ്ടുപോകും. ചിലര്‍ വിദേശത്തു തന്നെ സ്ഥിരതാമസമാക്കും. എന്നാല്‍ ചിലരാകട്ടെ അവിടുത്തെ ഉയര്‍ന്ന ജീവിതച്ചെലവു കാരണം നാട്ടിലേക്കു മടങ്ങാറുമുണ്ട്. വിദേശത്തു ലഭിക്കുന്ന ശമ്പളം ഒന്നിനും തികയില്ലെന്നു പരാതിപ്പെടുന്ന ടെക്കികളും ഏറെയാണ്. വിദേശ രാജ്യങ്ങളില്‍ ലഭിക്കുന്ന ശമ്പളവും ഇന്ത്യയില്‍ ലഭിക്കുന്ന ശമ്പളവും താരതമ്യം ചെയ്ത് ടെക്കികള്‍ സമൂഹ മാധ്യമങ്ങളില്‍ നടത്തുന്ന വിലയിരുത്തലുകള്‍ പലപ്പോഴും വലിയ ചര്‍ച്ചയാകാറുണ്ട്.ബെംഗളൂരുവിലെ ആമസോണ്‍ ഓഫീസില്‍ ജോലി ചെയ്തിരുന്ന സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ അയര്‍ലന്‍ഡിലേക്ക് ചേക്കേറിയതും അവിടെ ലഭിക്കുന്ന വന്‍ തുകയും ഇപ്പോള്‍ ടെക് ലോകത്ത് ചര്‍ച്ചയാണ്. ആമസോണ്‍ ഇന്ത്യയില്‍ നിന്ന് കമ്പനിയുടെ തന്നെ അയര്‍ലന്‍ഡ് ശാഖയിലേക്ക് സ്ഥലംമാറ്റം ലഭിച്ച സുരാസ് നായക് എന്ന യുവാവ്, തന്റെ ജീവിതനിലവാരത്തില്‍ വന്ന വലിയ മാറ്റങ്ങളെക്കുറിച്ച് വെളിപ്പെടുത്തി.ബെംഗളൂരുവില്‍ പ്രതിവര്‍ഷം 68 ലക്ഷം രൂപയായിരുന്ന സുരാസിന്റെ ശമ്പളം ഡബ്ലിനിലേക്ക് മാറിയതോടെ 1.3 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. കരിയറിലെ ഈ വലിയ കുതിച്ചുചാട്ടത്തില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്നും ഈ അവസരത്തെക്കുറിച്ച് അറിഞ്ഞ ഉടന്‍ തന്നെ മാതാപിതാക്കളെ വിവരമറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.അലഹബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ സുരാസ്, ആറു മാസത്തെ ഇന്റേണ്‍ഷിപ്പിന് ശേഷം 2020-ലാണ് ആമസോണില്‍ സ്ഥിര ജോലിയില്‍ പ്രവേശിച്ചത്. രണ്ടു വര്‍ഷത്തിലേറെ ബെംഗളൂരുവിലെ ഓഫീസില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്ത ശേഷം കമ്പനിയുടെ ‘ഇന്റേണല്‍ മൊബിലിറ്റി പ്രോഗ്രാം’ വഴിയാണ് വിദേശ രാജ്യങ്ങളിലെ തൊഴില്‍ അവസരങ്ങള്‍ തിരഞ്ഞു തുടങ്ങിയത്.
യുകെ, ജര്‍മ്മനി, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ഒഴിവുകള്‍ പരിശോധിച്ച ശേഷം അയര്‍ലന്‍ഡിലെ ഡബ്ലിന്‍ നഗരം തിരഞ്ഞെടുക്കുകയായിരുന്നു. ഗൂഗിള്‍, മെറ്റാ, ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ ലോക പ്രശസ്ത കമ്പനികളുടെ സാന്നിധ്യവും വളര്‍ന്നുവരുന്ന സാങ്കേതിക സാഹചര്യങ്ങളുമാണ് അയര്‍ലന്‍ഡ് തിരഞ്ഞെടുക്കാന്‍ സുരാസിനെ പ്രേരിപ്പിച്ചത്. 2025 മാര്‍ച്ചിലാണ് അദ്ദേഹം ബെംഗളൂരുവില്‍ നിന്ന് ഡബ്ലിനിലേക്ക് മാറിയത്. വിസ സ്‌പോണ്‍സര്‍ഷിപ്പ് ഉള്‍പ്പെടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ആമസോണ്‍ തന്നെയാണ് പൂര്‍ണപിന്തുണ നല്‍കിയത്.ശമ്പളം വലിയ തോതില്‍ ഉയര്‍ന്നതോടൊപ്പം അയര്‍ലന്‍ഡിലെ ജീവിതച്ചെലവ് വളരെ കൂടുതലാണെന്ന കാര്യവും സുരാസ് നായക് ചൂണ്ടിക്കാണിക്കുന്നു. വീട്ടുവാടക, ഭക്ഷണം, ഗതാഗതം, മറ്റ് സൗകര്യങ്ങള്‍ എന്നിവയ്ക്കായി പ്രതിമാസം ഏകദേശം മൂന്ന് ലക്ഷം രൂപയോളം ചെലവാകുന്നുണ്ട്. എങ്കിലും ഇന്ത്യയേക്കാള്‍ മികച്ച ജീവിത നിലവാരവും ആഗോള തലത്തിലുള്ള തൊഴില്‍ പരിചയവും അവിടെ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. പുതിയ രാജ്യത്തെ ജീവിതശൈലിയുമായി വേഗത്തില്‍ പൊരുത്തപ്പെട്ടുവെന്നും അവിടുത്തെ രീതികള്‍ താന്‍ വളരെയധികം ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ ലഭിക്കുമായിരുന്നതിനേക്കാള്‍ വലിയൊരു എക്‌സ്‌പോഷര്‍ വിദേശത്തെ ഈ പുതിയ തൊഴില്‍ സാഹചര്യത്തിലൂടെ തനിക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.