മംഗളൂരു:ഉള്ളൂറു ബൊബ്ബര്യനകൊഡ്ലു തടാകത്തില്‍ കോളജ് അധ്യാപകനും വിദ്യാര്‍ഥിയും മുങ്ങി മരിച്ചു.കുന്താപുരത്തിനടുത്ത ശങ്കരനാരായണ മദര്‍ തെരേസ കോളജ് അധ്യാപകൻ രാജേന്ദ്ര ഷെട്ടിഗാര്‍(28),ശങ്കര നാരായണ ഹൈസ്കൂള്‍ വിദ്യാര്‍ഥി ഭരത് ഷെട്ടിഗാര്‍(16) എന്നിവരാണ് മരിച്ചത്.വരാഹി ജലസേചന പദ്ധതിയുടെ ഭാഗമായ നാലേക്കര്‍ വിസ്തൃതിയുള്ള തടാകക്കരയില്‍ വന്നതായിരുന്നു ആറംഗ സംഘം. ഭരത് കുളിക്കാൻ ചാടി. പത്തടി ആഴമുള്ള തടാകത്തില്‍ നീന്തല്‍ വശമില്ലാത്ത ഭരത് മുങ്ങിത്താഴുന്നത് കണ്ട് രാജേന്ദ്രയും ഇറങ്ങി.
നീന്തല്‍ അറിയാതെ മുങ്ങിയ അധ്യാപകനേയും വിദ്യാര്‍ഥിയേയും അഗ്നിശമന സേന എത്തി പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മംഗളൂരു സ്വകാര്യ കോളജ് അധ്യാപകനായിരുന്ന രാജേന്ദ്ര ഈയിടെയാണ് മദര്‍ തെരേസയിലേക്ക് മാറിയത്. കണ്ട്ലൂര്‍ പൊലീസ് കേസെടുത്തു.
ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയം; ഇന്ത്യക്കാരിയുടെ 1.80 കോടി തട്ടിയ നൈജീരിയന്‍ പൗരന്മാര് പിടിയില്‍
ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ചതിനുശേഷം ഗുരുഗ്രാം സ്വദേശിനിയുടെ കൈയില്‍ നിന്നും 1.80 കോടി രൂപ തട്ടിയെടുത്ത രണ്ട് നൈജീരിയൻ പൗരന്മാര് പിടിയില്‍.ഏപ്രില്‍ പത്തിന് യുവതി മനേസര്‍ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റു ചെയ്തത്. പരാതി അന്വേഷിച്ച സൈബര്‍ ക്രൈം സംഘം ഡല്‍ഹിയിലെ നിഹാല്‍ വിഹാര്‍ ഫേസ്-2 എരിയായില് നിന്നുമാണ് നൈജീരിയൻ പൗരന്മാരെ അറസ്റ്റു ചെയ്തത്.കഴിഞ്ഞ വര്‍ഷമാണ് നൈജീരിയൻ പൗരനെ പരിചയപ്പെട്ടതെന്ന് യുവതി പറഞ്ഞു. ബ്രിട്ടീഷ് എയര്‍വേയ്സ് പൈലറ്റാണെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒരു ദിവസം ഇയാള്‍ തനിക്ക് ഒരു ഐഫോണും ആഭരണങ്ങളും മറ്റ് സാധനങ്ങളും അടങ്ങിയ ഒരു ഗിഫ്റ്റ് പാഴ്സല്‍ ആയി അയച്ചുവെന്ന് പറഞ്ഞു. പിന്നീട് ഡിസംബര്‍ ആറിന് ഒരു പാഴ്സല്‍ എത്തിയെന്ന് പറഞ്ഞ് മറ്റൊരാള്‍ യുവതിയെ വിളിക്കുകയും അത് ലഭിക്കാൻ താൻ 35,000 രൂപ നികുതി അടയ്ക്കണമെന്നും അയാള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പരാതിയില്‍ പറഞ്ഞതായി പോലീസ് പറഞ്ഞു.
ഇവര്‍ ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചുവെന്നും പിന്നീട് മറ്റു ചില ഫീസുകള്‍ കൂടി ഉണ്ടെന്ന് പറഞ്ഞ് പ്രതികള്‍ കൂടുതല്‍ പണം വാങ്ങിയെന്നും യുവതി പോലീസിനോട് പറഞ്ഞു. വഞ്ചനയാണെന്ന് മനസിലാക്കിയപ്പോഴേക്കും യുവതി 1.80 കോടി രൂപ നല്‍കിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു.