ചെന്നൈ • പുതുച്ചേരിയിൽ ഗർഭിണി സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തതിനു പിന്നാലെ അറസ്റ്റ് ഭയന്ന് അമ്മായിയമ്മയും ജീവനൊടുക്കി. അരിയൂർ സീർക്കാഴി സ്വദേശിനി സന്ധ്യ (24), ഇവരുടെ ഭർതൃമാതാവ് പുതുച്ചേരി സന്ന്യാസി കുപ്പം സ്വദേശിനി അന്നക്കിളി (70) എന്നിവരാണു മരിച്ചത്. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് അന്നക്കിളിയുടെ മകൻ ആനന്ദരാജ് സന്ധ്യയെ വിവാഹം ചെയ്തത്.
വിവാഹ നിശ്ചയ സമയത്ത് ആനന്ദരാജിന്റെ അമ്മയും 3 മൂത്തസഹോദരിമാരും സന്ധ്യയുടെ വീട്ടിൽ നിന്ന് 20 പവന്റെ ആഭരണങ്ങ ളും ഒരു കാറും ഉൾപ്പെടെ ആവശ്യപ്പെട്ടു. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞ് അമ്മയുടെയും സഹോദരിമാരുടെയും എതിർപ്പ് മറികടന്ന് 9 മാസം മുൻപാണ് സന്ധ്യയെ ആനന്ദരാജ് വിവാഹം കഴിച്ചത്.
വിവാഹശേഷം ആനന്ദരാജ് വീട്ടിലില്ലാത്ത സമയത്തു സ്ത്രീധനം ആവശ്യപ്പെട്ട് അമ്മയും സഹോദരിമാരും സന്ധ്യയെ മർദിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ഇരുവരും വാടകവീട്ടിലേക്ക് മാറി.എന്നാൽ വീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന് ഇരുവരും വീട്ടിലേക്കു മടങ്ങിയെത്തി. 6 മാസം ഗർഭിണിയാണെന്നതു പരിഗണിക്കാതെ ഭർതൃവീട്ടുകാർ പീഡനം തുടർന്നതോടെയാണു സന്ധ്യ ജീവനൊടുക്കിയത്.
ഭാര്യയും അമ്മയും മരിച്ചതറിഞ്ഞ് ആനന്ദരാജും ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും അയൽവാ സികൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.