ദില്ലി: ഫുഡ് ഡെലിവെറി ആപ്പുകളായ സൊമാറ്റോയുടെയും സ്വിഗിയുടെയും സേവനങ്ങള്‍ തടസ്സപ്പെട്ടു. രാജ്യവ്യാപകമായിട്ടാണ് സേവനങ്ങള്‍ തടസ്സപ്പെട്ടത്. ആമസോണ്‍ വെബ് സര്‍വീസുകളിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഈ ആപ്പുകളുടെ സേവനത്തില്‍ പ്രശ്‌നങ്ങള്‍ വന്നത്. പല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ഈ വെബ് സര്‍വീസുകളെയാണ് ആശ്രയിക്കാറുള്ളത്.
എന്നാല്‍ തടസ്സം കുറച്ച് നേരത്തേക്ക് മാത്രമായിരുന്നു. അരമണിക്കൂര്‍ കൊണ്ട് ആപ്പിന്റെ പ്രവര്‍ത്തനം പഴയ രീതിയില്‍ തിരിച്ചെത്തുകയും ചെയ്തു. ആയിരക്കണക്കിന് പേരാണ് സോഷ്യല്‍ മീഡിയയില്‍ പരാതിയുമായി എത്തിയത്. ഓര്‍ഡര്‍ന നല്‍കാന്‍ സാധിക്കുന്നില്ലെന്നും, മെനുവില്‍ അടക്കം ബ്രൗസ് ചെയ്യാന്‍ സാധിക്കുന്നില്ല എന്നൊക്കെയായിരുന്നു പരാതി.അതേസമയം സ്വിഗിയും സൊമാറ്റോയും ഇതിന് മറുപടികളും വിശദീകരണ രൂപത്തില്‍ നല്‍കിയിരുന്നു.
നിങ്ങളുടെ ഓര്‍ഡര്‍ ഇപ്പോള്‍ പ്ലേസ് ചെയ്യാന്‍ സാധിക്കില്ല. ഞങ്ങള്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. പക്ഷേ ആശങ്കപ്പെടേണ്ടതില്ല. ഉടനെ തന്നെ ഞങ്ങള്‍ തിരിച്ചെത്തുമെന്നും സ്വിഗി കെയേഴ്‌സ് മറുപടി നല്‍കി. സൊമാറ്റോ കെയറും സഹില്‍ റിസ്വാന്‍ എന്ന യൂസര്‍ക്ക് പ്രശ്‌നത്തെ കുറിച്ച് മറുപടി നല്‍കി.
സാങ്കേതിക പ്രശ്‌നമുണ്ടെന്നും, പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും സൊമാറ്റോ മറുപടി നല്‍കി. ഇന്ത്യയുടെ ഓണ്‍ലൈന്‍ ഭക്ഷ്യ മാര്‍ക്കറ്റിനെ നിയന്ത്രിക്കുന്നത് ഈ രണ്ട് ആപ്പുകളാണ്. പത്ത് മില്യണാണ് രണ്ട് ആപ്പുകളെയും മൂല്യം.