ബെംഗളൂരു: ഭക്ഷണവിതരണ ആപ്പായ സ്വിഗ്ഗിയിൽ 62 ബിരിയാണികൾ ഓർഡർചെയ്ത് ഉപയോക്താവ്. ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരം നടന്ന ശനിയാഴ്ചയാണ് ബെംഗളൂരു സ്വദേശിനി ഒരേസമയം 62 ബിരിയാണികൾ ഓർഡർചെയ്തത്.ഓർഡർ ചെയ്തതിന് തൊട്ടുപിന്നാലെ ഒരാൾ 62 ബിരിയാണികൾ ഓർഡർ ചെയ്തിട്ടുണ്ടെന്നും അവരുടെ വീട്ടിൽ ക്രിക്കറ്റ് വാച്ചിങ്ങ് പാർട്ടി നടക്കുന്നതായി സംശയിക്കുന്നെന്നും തങ്ങൾക്കും പാർട്ടിയിൽ പങ്കെടുക്കാനുള്ള അവസരമുണ്ടാകുമോയെന്നും ആരാഞ്ഞുള്ള സ്വിഗ്ഗിയുടെ സാമൂഹികമാധ്യമ പോസ്റ്റും സജീവ ചർച്ചാവിഷയമായി.
ഒട്ടേറെപ്പേരാണ് സ്വിഗ്ഗിയുടെ പോസ്റ്റിന് പ്രതികരണവുമായി രംഗത്തെത്തിയത്. ക്രിക്കറ്റ് താരം കെ.എൽ. രാഹുലിന്റെ കുടുംബമായിരിക്കും ഇത്രയുംവലിയ അളവിൽ ബിരിയാണി ഓർഡർ ചെയ്തതെന്നായിരുന്നു ഒരു പ്രതികരണം. ഇന്ത്യ ജയിച്ചാൽ ചുരുങ്ങിയത് ആയിരംപേർക്കെങ്കിലും ബിരിയാണി വിതരണംചെയ്യില്ലേയെന്നും നിരവധിപേർ ആരാഞ്ഞു. അതേസമയം, റെക്കോഡ് സൃഷ്ടിച്ച ഓർഡർ ചെയ്ത ഉപയോക്താവിന്റെ കൂടുതൽവിവരങ്ങൾ സ്വിഗ്ഗി പുറത്തുവിട്ടിട്ടില്ല.
ലോഡ് ഷെഡിങ്ങും പവർകട്ടും ഇല്ല; പ്രതിസന്ധി ഒഴിവാക്കാൻ സഹകരിക്കണം
മഴക്കുറവുമൂലം അണക്കെട്ടുകളിൽ വെള്ളം കുറഞ്ഞതും വൈദ്യുതി ഉപയോഗം കൂടിയതും കൊണ്ടുള്ള പ്രതിസന്ധി പരിഹരിക്കാൻ ജനം സഹകരിക്കണമെന്ന് വെെദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അഭ്യർഥിച്ചു. ലോഡ് ഷെഡിങ്ങും പവർ കട്ടും ഉണ്ടാകില്ല. എന്നാൽ, രാത്രി 7 മുതൽ രാത്രി 11 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം.മഴ കുറഞ്ഞ പശ്ചാത്തലത്തിൽ 700 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെ എസ് ഇ ബി തീരുമാനിച്ചിട്ടുണ്ട്. 500 മെഗാവാട്ട് അടുത്ത ജൂണിൽ തിരിച്ച് കൊടുക്കാമെന്ന വ്യവസ്ഥയിൽ ആണിത്. 200 മെഗാവാട്ട് ഹ്രസ്വകാല കരാറിന്റെ അടിസ്ഥാനത്തിലും വാങ്ങും. ഇതിന്റെ തുക 15 ദിവസത്തിനകം കൊടുത്താൽ മതി. വൈദ്യുതി വാങ്ങാനുള്ള മൂന്ന് കരാറുകളുടെ ടെൻഡർ ഈ ആഴ്ച തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.