ബംഗളൂരു: ശ്രീരംഗപട്ടണത്തെ പുരാവസ്തു വകുപ്പിനു കീഴിലുള്ള ജാമിഅ മസ്ജിദ് തകര്‍ക്കാന്‍ ആഹ്വാനംചെയ്ത കര്‍ണാടകയിലെ ഋഷികുമാര സ്വാമി അറസ്റ്റില്‍.
ചരിത്ര പശ്ചാത്തലമുള്ള മസ്ജിദ് തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുകവഴി വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന പരാമര്‍ശം നടത്തിയതിനാണ് അറസ്റ്റ്.
ബാബരി മസ്ജിദ് തകര്‍ത്തപോലെ ശ്രീരംഗപട്ടണത്തെ മുസ്ലിംപള്ളിയും തകര്‍ക്കണമെന്നും ഹനുമാന് ക്ഷേത്രം നിര്‍മിക്കണമെന്നും പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് ഹാസനിലെ അരസികരെ കേന്ദ്രമായുള്ള കാളിമഠാധിപതിയായ ഋഷികുമാര സ്വാമിയെ ചിക്കമകളുരുവില്നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ചൊവ്വാഴ്ച വൈദ്യപരിശോധനക്കുശേഷം ശ്രീരംഗപട്ടണത്തെ പൊലീസ് സ്റ്റേഷനിലെത്തിച്ച് സ്വാമിയെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ജാമിഅ മസ്ജിദിലെ സുരക്ഷ ജീവനക്കാരനായ യതിരാജിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി.
ശ്രീരംഗപട്ടണത്തെ മുസ്ലിം പള്ളിക്കു മുന്നില്‍നിന്നാണ് വിഡിയോ തയാറാക്കി തിങ്കളാഴ്ച സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഈ മസ്ജിദ് ഒരുകാലത്ത് ഹനുമാന് ക്ഷേത്രമായിരുന്നുവെന്നും ഇതിന്റെ വാസ്തുവിദ്യ ക്ഷേത്രങ്ങള്‍ക്ക് സമാനമായിരുന്നുവെന്നുമാണ് വിഡിയോയിലൂടെ സ്വാമി അവകാശപ്പെട്ടത്.തുടര്‍ന്ന് ബാബരി മസ്ജിദ് തകര്‍ത്തപോലെ ഇതും തകര്‍ക്കണമെന്നും ഹിന്ദുജനങ്ങള്‍ ഉണരണമെന്നും ഏറ്റവും പ്രധാനമായി ഇക്കാര്യം ചെയ്യണമെന്നും സ്വാമി ആവശ്യപ്പെടുകയായിരുന്നു. വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായും ഇവിടെ ഹനുമാന് ക്ഷേത്രം നിര്‍മിക്കുമെന്നും ഋഷികുമാര സ്വാമി ആവര്‍ത്തിച്ചു.
ഇവിടെ ഹനുമാന് ക്ഷേത്രം നിര്‍മിക്കുന്നതുവരെ ഹിന്ദുത്വ സംഘടനകള്‍ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കന്നട ബിഗ് ബോസ് ടി.വി റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ഋഷികുമാര സ്വാമി നേരേത്തയും വിവാദ പ്രസ്താവന നടത്തിയിട്ടുണ്ട്. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.