ബെംഗളൂരു: കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ നഷ്ടമായതിനാൽ ഇത്തവണത്തെ വേനലവധിയിൽ നിന്നും രണ്ടാഴ്ച കുറക്കുവാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഏപ്രിൽ 9 മുതൽ മെയ് 16 വരെയാണ് ഇത്തവണത്തെ വേനലവധി. മുൻവർഷങ്ങളിൽ ഏപ്രിൽ 10 പത്തിന് വേനലവധി തുടങ്ങി ജൂൺ ഒന്നിന് ക്ലാസ് തുടങ്ങുന്ന രീതിയിലായിരുന്നു വേനലവധി ഏർപ്പെടുത്തിയിരുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായ സമയങ്ങളിൽ സ്കൂളുകൾ അടച്ചിട്ടത്തിനെ തുടർന്ന് വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ നഷ്ടപ്പെട്ടിരുന്നു. ഓൺലൈൻ ക്ലാസുകൾ പകരം സംഘടിപ്പിച്ചെങ്കിലും പല വിദ്യാർഥികൾക്കും, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ വിദ്യാർഥികൾക്ക് ഇത് ഗുണകരമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. വേനലവധി ചുരുക്കുന്നത് വഴി അധികമായി ലഭിക്കുന്ന രണ്ടാഴ്ച ബ്രിഡ്ജ് കോഴ്സുകൾ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ബ്രിഡ്ജ് കോഴ്സുകൾ എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് വിദഗ്ധരുമായി ചർച്ച ചെയ്തശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.