ന്യൂഡല്‍ഹി: നിങ്ങളുടെ സ്കൂള്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ കാഴ്ചയില്‍ നല്ല വൃത്തിയുള്ളതായിരിക്കും. എന്നാല്‍ അത് ധരിക്കാന്‍ അനുയോജ്യമാണോ? അല്ലെന്നാണ് പുതിയ പഠനം പറയുന്നത്. അതായത് പോളിഫ്ലൂറോയോല്‍കില്‍ സബ്സ്റ്റാന്‍സസ് എന്ന പേരിലറിയപ്പെടുന്ന മാരകമായ വിഷമയമായ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട് ഇതിലെല്ലാം എന്നാണ് പഠനത്തില്‍ പറയുന്നത്. എന്‍വയണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ടെക്സ്റ്റയില്‍സ് ഉല്‍പ്പന്നങ്ങളില്‍ പ്രത്യേകിച്ച് കുട്ടികളുടെ വസ്ത്രങ്ങളിലാണ് ഇത്തരം മാരക കെമിക്കലുകള്‍ പറ്റിപ്പിടിക്കുന്നത്. വടക്കേ അമേരിക്കയില്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയ 72 വസ്ത്രങ്ങളുടെ സാംപിളുകളാണ് സംഘം പരിശോധനക്ക് വിധേയമാക്കിയത്.
സ്കൂള്‍ യൂനിഫോമുകള്‍ മാത്രമല്ല, മഴക്കോട്ടുകള്‍, കൈയുറകള്‍, കളിക്കോപ്പുകള്‍, തൊപ്പി, നീന്തല്‍ വസ്ത്രം തുടങ്ങിയവയും പരിശോധന വിധേയമാക്കിയിരുന്നു. പരിശോധിച്ച സാംപിളുകളില്‍ 65ശതമാനത്തിലും ഫ്ലൂറിന്‍ കണ്ടെത്തി. അതില്‍ കൂടുതലും യൂനിഫോമുകളിലാണ്. പ്രത്യേകിച്ച് 100 ശതമാനം കോട്ടണ്‍ ആണെന്ന് അവകാശപ്പെടുന്ന തുണിത്തരങ്ങളില്‍. ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതു മൂലം പ്രതിരോധ ശേഷി ദുര്‍ബലമാകുക, ആസ്ത്മ, അമിത വണ്ണം, മസ്തിഷ്ക വളര്‍ച്ചക്ക് പ്രശ്നം എന്നിവയുണ്ടാകുമെന്നും പഠനത്തില്‍ പറയുന്നു. ഈ കെമിക്കലുകള്‍ കുട്ടികളില്‍ കോവിഡ് വാക്സിന്റെ ഫലപ്രാപ്തി കുറക്കുമെന്നും പറയുന്നുണ്ട്. ഇതെ കുറിച്ച് കൂടുതല്‍ പഠനം വേണമെന്നാണ് ഗവേഷണ സംഘം പറയുന്നത്.
മോഷണക്കുറ്റം ആരോപിച്ച് വിദ്യാർത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സ്കൂള്‍ പിടിഎ അംഗത്തെ അറസ്റ്റ് ചെയ്തു
കോഴിക്കോട്: ബാലുശ്ശേരിയിൽ മോഷണക്കുറ്റം ആരോപിച്ച് സ്കൂൾ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ സ്കൂള്‍ പിടിഎ അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിഎ അംഗം സജിയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പ്രതിക്കെതിരെ ഐപിസി 323, 341 വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ബാലുശ്ശേരി കോക്കല്ലൂർ ഗവ ഹയർസെക്കന്‍റി സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിക്കാണ് കഴിഞ്ഞ തിങ്കളാഴ്ച ക്രൂര മർദ്ദനമേറ്റത്. സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതി അംഗവും കാന്‍റ്റീന്‍ ജീവനക്കാരനുമായ സജി എന്നയാളാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. തന്നെ കഴുത്തിൽ കുത്തിപ്പിടിച്ചുവെന്നും വലിച്ചിഴച്ചുവെന്നും മർദ്ദനമേറ്റ കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ രാവിലെ സ്കൂളിലെ കാന്റീനിൽ വെച്ചാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ സജിക്കെതിരെ ബാലുശ്ശേരി പൊലീസ് കേസ്സെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ സ്കൂൾ ഇന്‍റർവെൽ സമയത്താണ് സംഭവം. ക്യാന്റീനിൽ നിന്ന് പണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു പി ടി എ അംഗം സജി കുട്ടിയെ ആക്രമിച്ചത്. ഷർട്ടിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റാഫ് റൂമിലെത്തിച്ചായിരുന്നു മര്‍ദ്ദനം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡി. കോളേജ് ആശുപത്രിയിലുമെത്തിച്ച് ചികിത്സ നൽകി. ശാരീരിക ബുദ്ധിമുട്ടുകൾ ഇപ്പോഴുമുണ്ട്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥനത്തിൽ സജിക്കെതിരെ ബാലുശ്ശേരി പൊലീസ് ഐപിസി 341,347 വകുപ്പുകൾ ചുമത്തിയാണ് കേസ്സെടുത്തത്. അതേസമയം സംഭവം നടന്ന് മണിക്കൂറുകളായിട്ടും സ്കൂൾ അധികൃതർ ഗൗരവമായി ഇടപെട്ടില്ലെന്ന് വീട്ടുകാർക്ക് പരാതിപ്പെട്ടു. സജിക്കെതിരെ ചൈൽഡ് ലൈനിന് പരാതി നൽകിയെന്നും ഇയാൾ സ്കൂളിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശം നൽകിയതായും അധ്യാപകർ അറിയിച്ചു.