ബെംഗളൂരു: വൈദ്യുത നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് 22 -ന് സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ട് ബന്ദ് നടത്തുമെന്ന് കർണാടക ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി.കഴിഞ്ഞ എട്ടു ദിവസമായി തങ്ങൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് സർക്കാരിനെ ബോധിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും ഈ സാഹചര്യത്തിൽ പ്രതിഷേധവുമായി മുന്നോട്ടുപോകുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വിവിധ ജില്ലാ ചേംബറുകളും വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളുടെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതായും കർണാടക ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഭാരവാഹികൾ പറഞ്ഞു.മേയ് 12-നാണ് കർണാടക വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ യൂണിറ്റിന് ഏഴു പൈസവീതം വർധിപ്പിച്ചത്. പിന്നീട് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംസ്ഥാനത്തിന് പുറത്തുനിന്ന് അധികവൈദ്യുതി വാങ്ങേണ്ടിവന്നതിനാൽ യൂണിറ്റിന് 51 പൈസവീതം ‘പർച്ചേസ് കോസ്റ്റ്’ ഈടാക്കാനും തീരുമാനിച്ചു.
ഇതനുസരിച്ച് ജൂണിൽ വലിയ വൈദ്യുതി നിരക്കാണ് കച്ചവട സ്ഥാപനങ്ങളും വ്യവസായ സ്ഥാപങ്ങളും അടയ്ക്കേണ്ടത്.അതേസമയം, നിരക്ക് വർധനയിൽ സർക്കാരിന് പങ്കില്ലെന്നും വൈദ്യുതി റെഗുലേറ്ററി കമ്മിഷനാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വിശദീകരിച്ചു.
ഓരോവർഷവും വൈദ്യുതി വിതരണത്തിനുണ്ടാകുന്ന ചെലവും ലഭ്യതയും അടിസ്ഥാനമാക്കി റെഗുലേറ്ററി കമ്മിഷനാണ് നിരക്ക് നിശ്ചിയിക്കുന്നത്.കഴിഞ്ഞമാർച്ചിൽ പ്രഖ്യാപിക്കേണ്ടിയിരുന്ന നിരക്ക് വർധന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ തിരഞ്ഞെടുപ്പിനുശേഷം പ്രഖ്യാപിക്കുകയായിരുന്നെന്ന് വൈദ്യുതിവകുപ്പും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
വൈദ്യുതിനിരക്ക് വർധന പിൻവലിക്കണമെന്ന് ആവശ്യം:ബെംഗളൂരു: വൈദ്യുതിനിരക്ക് വർധന കുറഞ്ഞത് ഒരു വർഷത്തേക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലുടമകൾ വൈദ്യുതിവകുപ്പ് മന്ത്രി കെ.ജെ. ജോർജിന് കത്തെഴുതി.മറ്റ് ഇന്ധനങ്ങളുടെ വിലവർധനയ്ക്കുപിന്നാലെ വൈദ്യുതിക്കും നിരക്ക് വർധിപ്പിച്ചത് അധിക സാമ്പത്തികഭാരമാകുന്നതായി ബൃഹദ് ബെംഗളൂരു ഹോട്ടലേഴ്‌സ് അസോസിയേഷൻ (ബി.ബി.എച്ച്.എ.) പ്രസിഡന്റ് പി.സി. റാവു കത്തിൽ ചൂണ്ടിക്കാട്ടി. വൈദ്യുതിനിരക്ക് വർധനയ്ക്കെതിരേ സംസ്ഥാനത്ത് പലഭാഗത്തും പ്രതിഷേധമുയരുന്നുണ്ട്. 200 യൂണിറ്റിന് മുകളിലെ സ്ലാബിൽ വരുന്നവർക്ക് യൂണിറ്റിന് 2.89 രൂപയാണ് വർധിപ്പിച്ചത്.
വ്യവസായികളുമായി ചർച്ചനടത്തുമെന്ന് സിദ്ധരാമയ്യ:ബെംഗളൂരു: വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട പരാതികൾ ചർച്ചചെയ്യുന്നതിന് വ്യവസായികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 22-ന് കർണാടക ചേംബർ ഓഫ് കോമേഴ്‌സ് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട വസ്തുതകൾ വ്യാപാരികളെ ബോധിപ്പിക്കും. രണ്ടുമാസം മാത്രമാണ് നിരക്ക് കൂടുകയെന്നും പിന്നീട് ക്രമാനുഗതമായി ഇവ കുറയുമെന്നും സിദ്ധരാമയ്യ പറഞ്ഞു.വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാറിന്റേത്. ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.