കേരളത്തില്‍ നിന്നും തിരിച്ചുമുള്ള എല്ലാ സഞ്ചാരങ്ങളും രണ്ടു മാസത്തേക്ക് വിലക്കി ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂടി കമീഷനര്‍ ഡോ.കെ വി രാജേന്ദ്ര ഉത്തരവിട്ടു. ദക്ഷിണ കന്നഡ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ കേരളത്തിലേക്ക് പോയിട്ടുണ്ടെങ്കില്‍ ഒക്ടോബര്‍ 31 വരെ അവിടെ തുടരണം.
ഇതിനുള്ള നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട സ്ഥാപന അധികാരികള്‍ നല്‍കേണ്ടതാണ്. ദക്ഷിണ കന്നഡയിലുള്ളവരെ തിരിച്ചു പോവാനും അനുവദിക്കില്ല. ഇവിടെ മറ്റു മേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഉത്തരവ് ബാധകമാണ്.
കര്‍ണാടകയിലുള്ളവര്‍ കേരളത്തിലേക്കും പോവരുത്. ആശുപത്രികള്‍, നഴ്സിങ് ഹോമുകള്‍, ഹോടെലുകള്‍, ഓഫീസുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കേരളത്തിലേക്ക് പോവാന്‍ ഉത്തരവ് പ്രകാരം അനുമതിയില്ല. അങ്ങോട്ട് നേരത്തെ പോയവര്‍ അടുത്ത മാസം 31 വരെ അവിടെ തുടരണം. കേരളത്തില്‍ കോവിഡ് കൂടുകയും നിപ സ്ഥിരീകരിക്കുകയും ചെയ്തതാണ് ഉത്തരവിന് ആധാരം.