ബെംഗളൂരു: അപകടം തുടർക്കഥയായ ബെംഗളൂരു- മൈസൂരു അതിവേഗപാതയിൽ വേഗപരിധി ലംഘിക്കുന്നവരെ പിടികൂടാൻ കർശന പരിശോധനയുമായി പോലീസ്. രാമനഗര ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ വേഗം തിരിച്ചറിയാനുള്ള പ്രത്യേക റഡാർ ക്യാമറകളുൾപ്പെടെ സജ്ജമാക്കിയായിരുന്നു പരിശോധന. വിവിധയിടങ്ങളിൽ ബാരിക്കേഡുകളും സ്ഥാപിച്ചു. ആദ്യദിനം 44 വാഹനങ്ങളാണ് ക്യാമറയിൽ കുടുങ്ങിയത്.
അതിവേഗ പാതയിലൂടെ പോകാവുന്ന പരമാവധി വേഗപരിധി നേരത്തേ നൂറുകിലോമീറ്ററായി അധികൃതർ നിശ്ചയിച്ചിരുന്നു.അതിവേഗ പാതയിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങിയതുമുതൽ 123 പേരാണ് അപകടങ്ങളിൽ മരിച്ചത്. അതിവേഗമാണ് അപകടങ്ങൾ കുത്തനെ കൂടാനുള്ള കാരണമെന്നാണ് കണ്ടെത്തൽ. ആഡംബര ഇരുചക്രവാഹനങ്ങളും കാറുകളുമുൾപ്പെടെ 130 കിലോമീറ്റർ വേഗത്തിന് മുകളിലാണ് സഞ്ചരിക്കുന്നത്. പാതയിൽ പലയിടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും വേഗത്തിൽ കാര്യമായ മാറ്റമുണ്ടാകാഞ്ഞതിനെത്തുടർന്നാണ് നേരിട്ടുള്ള പരിശോധനകൾ നടത്താനുള്ള പോലീസിന്റെ തീരുമാനം.
ഒരാഴ്ച മുമ്പ് ഗതാഗതത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പി. അലോക് കുമാർ പാതയിലെ അപകട മേഖലകൾ സന്ദർശിച്ചിരുന്നു.അതേസമയം, ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും അതിവേഗപാതയിലൂടെ സഞ്ചരിക്കുന്നത് വിലക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.പാതയുടെ നിർമാണത്തിൽ അശാസ്ത്രീയതയുണ്ടെന്ന ആരോപണവും ശക്തമാണ്. മുൻ സർക്കാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാതയുടെ നിർമാണം തിരക്കിട്ട് പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തെന്നാണ് കോൺഗ്രസും എ.എ.പി.യും ആരോപിക്കുന്നത്. ഇതുസംബന്ധിച്ച അന്വേഷണത്തിന് പ്രത്യേകസമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.
വേഗനിയന്ത്രണത്തിന് കർണാടക ആർ.ടി.സി.യും:അതിവേഗ പാതയിലൂടെ സഞ്ചരിക്കുന്ന ബസുകൾക്ക് വേഗ നിയന്ത്രണം കർശനമാക്കാൻ കർണാടക ആർ.ടി.സി. വൈദ്യുത ബസുകൾക്കും വോൾവോ, സ്കാനിയ ബസുകൾക്കും പരമാവധി 80 കിലോമീറ്റർ വേഗപരിധി നിശ്ചയിച്ചു. മറ്റ് ബസുകൾക്ക് 65 കിലോമീറ്ററാണ് സഞ്ചരിക്കാവുന്ന പരമാവധി വേഗം.ഒരാഴ്ചമുമ്പ് കർണാടക ആർ.ടി.സി.യുടെ വൈദ്യുതബസ്, ഡിവൈഡർ മറികടന്ന് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് കണ്ടക്ടർ മരിച്ചിരുന്നു. 25-ഓളം യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെയാണ് വേഗനിയന്ത്രണമേർപ്പെടുത്താൻ കർണാടക ആർ.ടി.സി. തീരുമാനിച്ചത്.
സംസ്ഥാനത്ത് കനത്ത മഴ, വ്യാപക നാശനഷ്ടം; 11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ,പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. പൊന്നാനി താലൂക്കിലും ഇന്ന് അവധിയാണ്.
എം ജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് സര്‍വകലാശാലാ പരീക്ഷകള്‍, പി എസ് സി പരീക്ഷകള്‍ എന്നിവ മുൻ നിശ്ചയിച്ച പ്രകാരം നടക്കും.സംസ്ഥാനത്ത് രണ്ട് ദിവസത്തേക്കു കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കാസര്‍ഗോഡ് ചെറുവത്തൂര്‍ കൊവ്വല്‍ വീരമലകുന്നിലെ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് ഇന്നും നാളെയും ഇതു വഴിയുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദേശീയപാതയില്‍ കൂടി പോകുന്ന ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷ, കാറ്, ബസ്, സ്കൂള്‍ ബസ് ഉള്‍പ്പടെയുള്ള യാത്രാ വാഹനങ്ങള്‍ കോട്ടപ്പുറം പാലം – ചെറുവത്തൂര്‍, അരയാക്കടവ് കയ്യൂര്‍-ചെറുവത്തൂര്‍ എന്നീ റൂട്ടുകളിലൂടെ തിരിച്ചു വിടും. മറ്റു വാഹനങ്ങള്‍ക്ക് ഹൈവേയില്‍ കൂടി തന്നെ പോകാം.