കവര്‍ച്ച സംഭവങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് ബംഗളൂരു-മൈസൂര്‍ ദേശീയപാതയില്‍ മാണ്ഡ്യ പൊലീസ് പട്രോളിങ് ശക്തമാക്കി.രാത്രികാലങ്ങളിലാണ് പട്രോളിങ്. മാണ്ഡ്യ ജില്ലയില്‍ വരുന്ന ഹൈവേയുടെ 55 കി.മീ. ഭാഗത്ത് രണ്ട് മാസത്തിനിടെ വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് കാറുകള്‍ തടഞ്ഞ് ആളുകളെ കൊള്ളയടിച്ചു. സംഭവങ്ങളുമായി ബന്ധപ്പെട്ട് മാണ്ഡ്യ പൊലീസ് കേസെടുത്തിരുന്നു.ജൂലൈ ഒന്നിന് ചികിത്സക്ക് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന മുത്തപ്പയെ മദ്ദൂരിന് സമീപം അക്രമികള്‍ കവര്‍ച്ചക്കിരയാക്കിയിരുന്നു. യാത്രക്കിടെ വിശ്രമിക്കാൻ മുത്തപ്പ കാര്‍ നിര്‍ത്തിയപ്പോള്‍ ആയുധങ്ങളുമായെത്തിയ കവര്‍ച്ചക്കാര്‍ ഭീഷണിപ്പെടുത്തി മൂന്നരലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും പണവും കവര്‍ന്നു.
മദ്ദൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ആഗസ്റ്റ് 13ന് മാണ്ഡ്യ ഷെട്ടിഹള്ളിക്ക് സമീപം കോലാര്‍ സ്വദേശികളായ രക്ഷിത് റെഡ്ഡി, മാനസ റെഡ്ഡി ദമ്ബതികളും കവര്‍ച്ച ചെയ്യപ്പെട്ടു. വാഹനത്തിന്റെ ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് ടയര്‍ മാറ്റാൻ ദമ്ബതികള്‍ കാര്‍ നിര്‍ത്തി. ഈ സമയം ബൈക്കിലെത്തിയ ആയുധധാരികള്‍ ദമ്ബതികളുടെ 1.70 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ അപഹരിച്ചു. ശ്രീരംഗപട്ടണ റൂറല്‍ പൊലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഉഡുപ്പിയില്‍നിന്ന് ബംഗളൂരുവില്‍ വിനോദയാത്രക്ക് പോവുകയായിരുന്ന കുടുംബത്തെ ശ്രീരംഗപട്ടണത്തിന് സമീപം കവര്‍ച്ച ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന രണ്ടുപേര്‍ കാര്‍ പരിശോധിക്കാൻ നിര്‍ത്തിക്കുകയായിരുന്നു. വീട്ടുകാരെ ഭീഷണിപ്പെടുത്തി 1.50 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും അപഹരിച്ചു. സംഭവത്തില്‍ ശ്രീരംഗപട്ടണ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലയാളികളുടെ വാഹനങ്ങള്‍ക്കുനേരെയും കവര്‍ച്ച ശ്രമങ്ങള്‍ നടന്നിരുന്നു.